Advertisment

രാഷ്ട്രീയ പ്രശസ്തി സംരക്ഷിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രി സ്ത്രീകളുടെ മാനം പണയപ്പെടുത്തുന്നു, എന്തുകൊണ്ടാണ് മമതയുടെ മനസ്സാക്ഷി മരിച്ചത്? സന്ദേശ്ഖാലി ലൈംഗീകാതിക്രമ കേസില്‍ മമത ബാനര്‍ജിക്ക് എന്തോ മറച്ച് പിടിക്കാനുണ്ടെന്ന് ബിജെപി

New Update
ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷം: ആശങ്ക അറിയിച്ച് കേന്ദ്രം, ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗീകാതിക്രമ കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എന്തോ മറച്ച് പിടിക്കാനുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത്.

Advertisment

മമത ബാനര്‍ജി ബംഗാളിലെ സ്ത്രീകളുടെ മാന്യതയെ അവഗണിച്ചു കൊണ്ട് രാഷ്ട്രീയ പ്രശസ്തിയെ സംരക്ഷിക്കുകയാണെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രവി ശങ്കര്‍ പ്രസാദ് ആരോപിച്ചു. സന്ദേശ്ഖാലി വിഷയത്തില്‍ രാഹുല്‍ ഗാന്ധി പുലര്‍ത്തുന്ന മൗനത്തെയും രവി ശങ്കര്‍ പ്രസാദ് ചോദ്യം ചെയ്തു.

'സന്ദേശ്ഖാലി സംഭവം ഗൗരവമുള്ളതാണ്.സ്ത്രീകളോട് നടന്ന നഗ്‌നമായ ആക്രമണവും അപമാനകരമായ പെരുമാറ്റവും ലൈംഗികാതിക്രമവും നമ്മുടെ സമൂഹത്തിനും ജനാധിപത്യത്തിനും നാണക്കേടാണ്. മമത ബാനര്‍ജി ഇപ്പോഴും അതിനെ പ്രതിരോധിക്കുന്നു. എന്തിന്?

ഒരു മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തു. മമത ബാനര്‍ജി എന്താണ് മറയ്ക്കാന്‍ ആഗ്രഹിക്കുന്നത്, എന്തുകൊണ്ട്? തന്റെ രാഷ്ട്രീയ പ്രശസ്തി സംരക്ഷിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രി സ്ത്രീകളുടെ മാനം പണയപ്പെടുത്തുന്നു. എന്തുകൊണ്ടാണ് മമതയുടെ മനസ്സാക്ഷി മരിച്ചതെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

സിപിഐഎമ്മും കോണ്‍ഗ്രസും വിഷയത്തില്‍ മൗനം പുലര്‍ത്തുന്നത് എന്തുകൊണ്ടാണെന്നും രവി ശങ്കര്‍ പ്രസാദ് ചോദിച്ചു. 'സിപിഐഎമ്മിന്റെ ഒരു വനിതാ നേതാവ് അവിടം സന്ദര്‍ശിച്ചുവെന്ന് കേട്ടിരുന്നു.

എന്നാല്‍ സിപിഐഎം എന്തുകൊണ്ടാണ് അവിടെ നടന്ന സംഭവത്തെ എതിര്‍ക്കാതിരുന്നത്. എന്തുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാതിരുന്നത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്ന'തെന്നും രവി ശങ്കര്‍ പ്രസാദ് ചോദിച്ചു.

Advertisment