ആദ്യ ശ്രമത്തിൽ 112-ാം റാങ്ക് ! സെറിബ്രൽ പാൾസിയെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കി മാനവേന്ദ്ര സിംഗ്

New Update
ManvendraSinghUPSCSuccess

ബുലന്ദ്‌ഷഹർ: ശാരീരിക വെല്ലുവിളികളെ അദമ്യമായ ദൃഢനിശ്ചയത്തോടെ മറികടന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് 24 കാരനായ മാനവേന്ദ്ര സിംഗ്. 

Advertisment

ചലനശേഷിയെ ബാധിക്കുന്ന ഗുരുതര അവസ്ഥയായ ‘സെറിബ്രൽ പാൾസി’യെ അതിജീവിച്ച് യുപിഎസ്‌സി എഞ്ചിനീയറിംഗ് സർവീസ് പരീക്ഷയിൽ (ESE 2025) 112-ാം റാങ്ക് നേടി ഈ ഐഐടി വിദ്യാർത്ഥി ചരിത്രം കുറിച്ചു.

ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിയായ മാനവേന്ദ്രയ്ക്ക് ജനിച്ച് ആറാം മാസത്തിലാണ് സെറിബ്രൽ പാൾസി സ്ഥിരീകരിച്ചത്. ശരീരത്തിന്റെ വലതുഭാഗത്തെ പേശികൾക്ക് ബലക്കുറവും ചലനവൈകല്യവും അനുഭവപ്പെട്ടതോടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും വെല്ലുവിളിയായി. 

എന്നാൽ മകന്റെ തളർച്ചയിൽ തളരാതെ അമ്മ രേണു സിംഗ് അവന് ശക്തമായ പിന്തുണയായി. വലതുകൈയ്ക്ക് പകരം ഇടതുകൈ ഉപയോഗിച്ച് എഴുതാനും മറ്റ് കാര്യങ്ങൾ ചെയ്യാനും മാനവേന്ദ്രയെ പരിശീലിപ്പിച്ചത് അമ്മ തന്നെയായിരുന്നു.

ശാരീരിക അവശതകൾ പഠനത്തിലേക്കുള്ള വഴിയിൽ ഒരിക്കലും തടസ്സമായില്ല. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ടോപ്പ് 10 റാങ്കുകളിൽ ഇടം നേടി. ആദ്യ ശ്രമത്തിൽ തന്നെ ജെഇഇ പരീക്ഷയിൽ 63-ാം റാങ്ക് നേടി ഐഐടി പാട്‌നയിൽ പ്രവേശനം നേടി. 2024-ൽ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി.

യുപിഎസ്‌സിയുടെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന എഞ്ചിനീയറിംഗ് സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിലേ വിജയം സ്വന്തമാക്കിയ മാനവേന്ദ്രയുടെ നേട്ടം, ദൃഢനിശ്ചയത്തിന്റെയും പരിശ്രമത്തിന്റെയും ശക്തമായ തെളിവാണ്.

Advertisment