മംഗളൂരു: ഫരംഗിപേട്ട് മാരിപ്പള്ളക്ക് സമീപം പുഡു ഗ്രാമത്തിലെ സുജീർ മല്ലിയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേൽപിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങൾ നടന്നതെന്ന് പൊലീസ് അറിയിച്ചു. കോഡ്മാനിൽ നിന്നുള്ള എസ്.സുധീറാണ് (30) മരിച്ചത്. പരിക്കേറ്റ ഫരംഗിപേട്ടയിൽ താമസിക്കുന്ന ദിവ്യ എന്ന ദീക്ഷിതയെ (26) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും വർഷമായി സുധീറും ദിവ്യയും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ പിന്നീട് പിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രശ്‌നങ്ങൾക്കിടയിലും സുധീർ ദിവ്യയെ വിളിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ സുജീർ മല്ലിയിൽ ദിവ്യയെ കാണാൻ സുധീർ എത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടയിൽ സുധീർ കത്തി ഉപയോഗിച്ച് യുവതിയെ കുത്തി.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ ദിവ്യ മരിച്ചുവെന്ന് കരുതിയ സുധീർ വാടക വീട്ടിലേക്ക് പോയി തൂങ്ങിമരിച്ചു എന്ന് പൊലീസ് പറഞ്ഞു. ബണ്ട്വാൾ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുന്നു.