ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വർഗീയ പോസ്റ്റ്: കര്‍ണാടകയില്‍ രണ്ടു പേർക്കെതിരെ കേസ്

സർക്കാർ തീരുമാനം ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്നും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജഗദീഷ് ഉദുപക്കെതിരെയും ഹിന്ദു വികാരങ്ങളെ കോണ്‍ഗ്രസ് മുറിപ്പെടുത്തിയെന്ന് എഴുതിയ 'സുദീപ് ഷെട്ടി നിട്ടെ' എന്നയാള്‍ക്കെതിരെയുമാണ് കേസ്.

New Update
43837

മംഗളൂരു: ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വർഗീയവും പ്രകോപനപരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ഉഡുപ്പി ജില്ലാ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

Advertisment

സർക്കാർ തീരുമാനം ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്നും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജഗദീഷ് ഉദുപക്കെതിരെയും ഹിന്ദു വികാരങ്ങളെ കോണ്‍ഗ്രസ് മുറിപ്പെടുത്തിയെന്ന് എഴുതിയ 'സുദീപ് ഷെട്ടി നിട്ടെ' എന്നയാള്‍ക്കെതിരെയുമാണ് കേസ്.


സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 353(2) പ്രകാരമാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്.


ഹാസനിൽ നിന്നുള്ള എഴുത്തുകാരിയും ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ്, സെപ്റ്റംബർ 22ന് ദസറ ഉദ്ഘാടനം ചെയ്യുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പ്രഖ്യാപിച്ചത്. ഒരു കന്നഡ എഴുത്തുകാരി ആദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയത് അഭിമാനകരമാണെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഹാർട്ട് ലാമ്പ്' (യെദേയ ഹനാതെ) എന്ന പുസ്തകത്തിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ബാനു, കർഷക പ്രക്ഷോഭം, കന്നഡ പ്രസ്ഥാനം തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2017ൽ സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദസറ ഉത്സവം ഉദ്ഘാടനം ചെയ്ത പ്രശസ്ത കവി കെ.എസ്. നിസ്സാർ അഹമ്മദിന് ശേഷം ദസറ ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ മുസ് ലിമാണ് പ്രശസ്ത കന്നഡ എഴുത്തുകാരിയായ ബാനു മുഷ്താഖ്.


അതേസമയം ലോകപ്രശസ്തമായ മൈസൂർ ദസറയുടെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് നിലവിൽ വിദേശത്തുള്ള ബാനു മുഷ്താഖ് പറഞ്ഞു.


ഈ വർഷത്തെ ദസറ ഉത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെയാണ്. ദസറ ഉദ്ഘാടനം ചെയ്യുന്ന അഞ്ചാമത്തെ വനിതയും ആദ്യത്തെ മുസ് ലിം വനിതയുമാണ് ബാനു മുഷ്താഖ്.

1999ൽ പ്രശസ്ത സംഗീതജ്ഞ ഡോ.ഗംഗുബായ് ഹംഗലും 2001ൽ ബഹുഭാഷാ നടി ബി.സരോജാദേവിയും 2018ൽ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ.സുധ മൂർത്തിയും 2022ൽ പ്രസിഡന്റ് ദ്രൗപതി മുർമുവും ചേർന്നാണ് മേള ഉദ്ഘാടനം ചെയ്തത്.

Advertisment