മംഗളൂരു: മുന്‍ ബജ്റംഗ്ദള്‍ അംഗം സുഹാസ് ഷെട്ടിയെ മംഗളൂരുവില്‍ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. മെയ് 1 ന് രാത്രി 8.27 ന് ഷെട്ടി മറ്റ് അഞ്ച് പേര്‍ക്കൊപ്പം ഒരു കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
വാഹനം മറ്റ് രണ്ട് കാറുകള്‍ തടഞ്ഞുനിര്‍ത്തി. അക്രമികള്‍ ഷെട്ടിയെ വാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള എജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണത്തെത്തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് ഹിന്ദു പ്രവര്‍ത്തകര്‍ തടിച്ചുകൂടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍, എംഎല്‍എ ഭരത് ഷെട്ടി, വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കള്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു.
'ഇന്ന് ഒരു ഹിന്ദു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്ക് ഇനി സുരക്ഷിതമല്ല. പോലീസ് വേഗത്തില്‍ പ്രവര്‍ത്തിക്കണം.
സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തോന്നുന്നു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു,' എംഎല്‍എ ഭരത് ഷെട്ടി പറഞ്ഞു.