/sathyam/media/media_files/2025/08/18/2661476-familicide-murder-2025-08-18-20-06-33.webp)
മംഗളൂരു: ഹെബ്ബാളിൽ കടം വീട്ടാൻ ഭൂമി വിൽക്കുന്നത് തടഞ്ഞ ഭാര്യയെ 64കാരനായ പാപണ്ണ വെട്ടിക്കൊന്നു. 54 കാരിയായ ഗായത്രിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പാപണ്ണ നേരെ വിജയനഗർ പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തി.
റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നഷ്ടം നേരിട്ട പാപണ്ണ വൻ കടബാധ്യതയിൽ കുടുങ്ങിയിരുന്നു. ഭൂമി വിൽക്കാൻ ഭാര്യയുടെ പേരിലുള്ള രേഖകളിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗായത്രിയും മക്കളും നിരസിച്ചു. ഇതിനെ തുടര്‍ന്ന് പലവട്ടം കുടുംബത്തിൽ വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് മക്കൾ വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഗായത്രിയുമായി വീണ്ടും തർക്കം ഉണ്ടായതിനെ തുടർന്ന് തലയിണക്കടിയിൽ ഒളിപ്പിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പാപണ്ണ ആക്രമിച്ചു. തല, നെഞ്ച്, വയർ എന്നിവിടങ്ങളിൽ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗായത്രി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവസ്ഥലത്ത് പൊലീസ് കമ്മീഷണർ സീമ ലട്കർ, ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. സുന്ദർ രാജ്, എസിപി രവിപ്രസാദ് എന്നിവർ എത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഗായത്രിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൈസൂരു മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പാപണ്ണയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.