/sathyam/media/media_files/2025/01/09/ZROLBm6VamZHxc7J5xO1.jpg)
മംഗളൂരു: കുളിമുറിയുടെ ജനലിലൂടെ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിന് മംഗളൂരു അഡി. ജില്ല-സെഷൻസ് കോടതി (പോക്സോ അതിവേഗ) ജഡ്ജി ഡി. വിനയ് ഒരു വർഷം തടവുശിക്ഷ വിധിച്ചു.
മാർച്ച് 10ന് ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലെ പ്രതി ഗഗനെതിരെയാണ് (24) വിധി. വീടിന്റെ കോമ്പൗണ്ട് ഭിത്തിക്ക് മുകളിൽ കയറി കുളിമുറിയുടെ ജനലിലൂടെ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
മൊബൈൽ ലൈറ്റ് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി നിലവിളിച്ചതിനെത്തുടർന്ന് അമ്മ ഓടിയെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ഇരയുടെ മാതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് എസ്.ഐ കെ.എസ്. സതീഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഒമ്പത് മാസത്തിനുള്ളിൽ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചു. ഐ.പി.സി സെക്ഷൻ 354 (സി) പ്രകാരം പ്രതിക്ക് ഒരു വർഷത്തെ തടവും 20,000 രൂപ പിഴയും വിധിച്ചു. പണം അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
20,000 രൂപ പിഴയിൽ 10,000 രൂപ ഇരക്ക് നഷ്ടപരിഹാരമായി നിർദേശിച്ചു . ലക്ഷം രൂപ പെൺകുട്ടിക്ക് ജില്ല ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരമായി നൽകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സഹന ദേവി ബോലൂർ ഹാജരായി. പ്രതി ഫോണിൽനിന്ന് വിഡിയോ നീക്കം ചെയ്തെങ്കിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.