/sathyam/media/media_files/2026/02/11/manhole-2026-02-11-11-07-00.jpg)
ഡല്‍ഹി: രാജ്യതലസ്ഥാനത്തെ റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും തുറന്ന കുഴികള്‍ വീണ്ടും ജീവനെടുക്കുന്നു.
രോഹിണിയില്‍ ഡല്‍ഹി വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ സ്ഥലത്തെ മാന്‍ഹോളില്‍ വീണ് 32 വയസ്സുകാരനായ തൊഴിലാളി മരിച്ചു. അഞ്ച് ദിവസത്തിനിടെ ഡല്‍ഹിയില്‍ ഇത്തരത്തില്‍ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.
ബീഹാര്‍ സ്വദേശിയായ ബിര്‍ജു കുമാര്‍ റായ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7:30-ഓടെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ബിര്‍ജു തുറന്നുകിടന്ന മാന്‍ഹോളിലേക്ക് വീണത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മദ്യലഹരിയിലായിരുന്നതിനാല്‍ സംഭവം ഉടന്‍ ആരെയും അറിയിച്ചില്ല. പിറ്റേന്ന് ഉച്ചയോടെ ഇയാള്‍ ബോധം വീണ്ടെടുത്തപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:36-ഓടെ വിവരം ലഭിച്ച പോലീസ്, ഫയര്‍ഫോഴ്‌സിന്റെയും മറ്റ് ഏജന്‍സികളുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബിര്‍ജുവിനെ രക്ഷിക്കാനായില്ല. പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി വീണിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും പിറ്റേന്ന് പരാതി നല്‍കിയപ്പോള്‍ മാത്രമാണ് നടപടിയുണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഫെബ്രുവരി 5-ന് ജനക്പുരിയില്‍ ബൈക്ക് യാത്രക്കാരനായ കമല്‍ ധയാനി (25) 15 അടി താഴ്ചയുള്ള കുഴിയില്‍ വീണ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിണിയിലെ അപകടം. കഴിഞ്ഞ മാസം ഗ്രേറ്റര്‍ നോയിഡയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവാവും സമാനമായ രീതിയില്‍ കുഴിയില്‍ വീണ് മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയും തുറന്നുകിടന്ന മാന്‍ഹോള്‍ മൂടുകയും ചെയ്തു. ഓരോ മരണം നടക്കുമ്പോഴും താല്‍ക്കാലികമായി കുഴികള്‍ അടയ്ക്കുകയും പിന്നീട് വീണ്ടും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us