മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസ് കമാൻഡോ കൊല്ലപ്പെട്ടു

New Update
MilitantsMilitants

ഇംഫാൽ: മണിപ്പൂരിൽ ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ പൊലീസ് കമാൻഡോ കൊല്ലപ്പെട്ടു. കുക്കികളും പൊലീസും തമ്മിൽ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തെൻഗനൗപാൽ ജില്ലയിൽ അതിർത്തി നഗരമായ മൊറേയിലാണ് സംഘർഷമുണ്ടായത്.

Advertisment

ബോംബെറിഞ്ഞതിന് ശേഷം കുക്കികൾ മൊറേയ് എസ്.ബി.ഐക്ക് സമീപത്തുള്ള സെക്യൂരിറ്റി പോസ്റ്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. ​സൊമോർജിത് എന്ന കമാൻഡോയാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇരുവിഭാഗവും തമ്മിലുള്ള വെടിവെപ്പ് ഒരു മണിക്കൂർ നീണ്ടുവെന്നാണ് റിപ്പോർട്ട്. മൊറേയിൽ പൊലീസുകാരന്റെ മരണത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്. മൊറേയ് നഗരം സ്ഥിതി ചെയ്യുന്ന തെൻഗനൗപാൽ ജില്ലയിൽ മണിപ്പൂർ സർക്കാർ സമ്പൂർണ്ണ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസേവനങ്ങൾക്കൊഴികെ മറ്റൊന്നിനും കർഫ്യുകാലത്ത് പ്രവർത്തിക്കാൻ അനുമതിയില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ എസ്.ഡി.പി.ഒ സി.എച്ച് ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫിലിപ്പ് കോൻസായി, ഹെമോക്കോലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.

Advertisment