മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും കലാപം: യുവാവിന് മർദനമേറ്റതിനെച്ചൊല്ലി ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; നിരവധി വീടുകൾ അഗ്നിക്കിരയാക്കി

ലിതാന്‍ ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.

New Update
Untitled

ഇംഫാല്‍: മണിപ്പൂരിലെ ഉഖ്രുല്‍ ജില്ലയില്‍ തങ്കുല്‍ നാഗ വിഭാഗത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം മര്‍ദിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച തര്‍ക്കം വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറി. ലിതാന്‍ ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തില്‍ സായുധ സംഘങ്ങള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisment

ശനിയാഴ്ച രാത്രി ലിതാന്‍ ഗ്രാമത്തില്‍ വെച്ച് എട്ടോളം പേര്‍ ചേര്‍ന്ന് തങ്കുല്‍ നാഗ വിഭാഗക്കാരനായ യുവാവിനെ മര്‍ദിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് ആധാരമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇരുവിഭാഗവും ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഞായറാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ച നടന്നില്ല. ഇതിനിടെ അയല്‍ഗ്രാമമായ സിക്കിബംഗില്‍ നിന്നുള്ള സംഘം ലിതാന്‍ സരൈഖോങ്ങിലെ ഗ്രാമത്തലവന്റെ വീടിന് നേരെ ആക്രമണം നടത്തിയതോടെ സ്ഥിതി വഷളായി.


ലിതാന്‍ ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.

ലിതാന്‍ സരൈഖോങ്ങിലെ തങ്കുല്‍ നാഗ വിഭാഗക്കാരുടെ നിരവധി വീടുകള്‍ കുക്കി സായുധസംഘങ്ങള്‍ തീയിട്ടു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കുക്കി വിഭാഗക്കാരുടെ ചില വീടുകള്‍ക്കും തീയിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സൈനിക വേഷം ധരിച്ച സായുധ സംഘങ്ങള്‍ അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെക്കുന്നതിന്റെയും വീടുകള്‍ക്ക് തീയിടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


ക്രമസമാധാന നില തകരാതിരിക്കാന്‍ ഉഖ്രുല്‍ ജില്ലാ മജിസ്ട്രേറ്റ് അസിഷ് ദാസ് ഞായറാഴ്ച രാത്രി 7 മണി മുതല്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മഹാദേവ്, ലംബുയി, ഷാങ്കായ് എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.


നിലവില്‍ പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Advertisment