/sathyam/media/media_files/2026/02/10/manipur-2026-02-10-19-07-30.jpg)
ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷത്തെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുകയും അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
ലിറ്റാൻ ഗ്രാമത്തിൽ തങ്കുൽ നാഗ വിഭാഗക്കാരന് മർദനമേറ്റതിനെച്ചൊല്ലി ആരംഭിച്ച തർക്കമാണ് ഇരുപതിലേറെ വീടുകൾ കത്തിയമർന്ന വലിയ അക്രമത്തിലേക്ക് വഴിമാറിയത്.
/sathyam/media/post_attachments/h-upload/2026/02/10/2791454-manipurviolence-813452.jpg)
പ്രകോപനപരമായ വീഡിയോകളും തെറ്റായ വാർത്തകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാൻ ചൊവ്വാഴ്ച രാവിലെ 11:30 മുതലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ബ്രോഡ്‌ബാൻഡ്, വി.പി.എൻ സേവനങ്ങളെയും ഇത് ബാധിക്കും.
അക്രമം ഭയന്ന് നൂറുകണക്കിന് കുടുംബങ്ങൾ അയൽ ജില്ലകളിലേക്ക് പലായനം ചെയ്ത പശ്ചാത്തലത്തിൽ ഉഖ്‌റുൽ ജില്ലാ മജിസ്‌ട്രേറ്റ് കർശന യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചതിന് പിന്നാലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നടത്തിയ തിരച്ചിലിൽ വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ്, ജനങ്ങൾ സമാധാനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
മെയിതേയ്-കുക്കി തർക്കങ്ങൾക്ക് പിന്നാലെ നാഗ-കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ ഈ പുതിയ സംഘർഷം സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us