/sathyam/media/media_files/2026/02/17/untitled-2026-02-17-12-36-50.jpg)
ഇംഫാല്‍: മണിപ്പൂരിലെ ഉഖ്റൂള്‍ ജില്ലയിലുള്ള ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്ന് 51 കുക്കി വിദ്യാര്‍ത്ഥികളെ പോലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നാഗാ വിഭാഗത്തില്‍പ്പെട്ട തങ്ഖുല്‍ സമൂഹവും കുക്കി വിഭാഗവും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയായി വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചത്.
ലിറ്റാന്‍ സരേയ്‌ഖോങ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ മുപ്പതോളം വീടുകള്‍ കത്തിനശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാഗാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഉഖ്റൂള്‍ ജില്ലയില്‍ ക്രമസമാധാന നില വഷളായതാണ് വിദ്യാര്‍ത്ഥികളെ മാറ്റാന്‍ കാരണമായത്.
31 ആണ്‍കുട്ടികളെയും 20 പെണ്‍കുട്ടികളെയും ഉഖ്റൂള്‍ ജില്ലാ പോലീസ് സൈകുല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് ഇവരെ കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള കാംഗ്‌പോക്പി ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്ക് മാറ്റും.
വിദ്യാര്‍ത്ഥികളെ കൊണ്ടുപോയ വാഹനവ്യൂഹത്തെ അക്രമികളുടേതെന്ന് തെറ്റിദ്ധരിച്ച് ചിലയിടങ്ങളില്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രാദേശിക സിവില്‍ സൊസൈറ്റി സംഘടനകള്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയതോടെയാണ് സുരക്ഷിത യാത്ര സാധ്യമായത്.
ഫെബ്രുവരി 7-ന് ലിറ്റാന്‍ ടൗണില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് വലിയ വംശീയ സംഘര്‍ഷമായി മാറിയത്. 2023 മെയ് മാസം മുതല്‍ മെയ്‌തേയി-കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ തുടങ്ങിയ കലാപം ഇപ്പോഴും സംസ്ഥാനത്ത് പൂര്‍ണ്ണമായും അടങ്ങിയിട്ടില്ല. 260-ലധികം ആളുകള്‍ ഇതിനോടകം കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഈ മാസം ആദ്യമാണ് വൈ. ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us