'മണിപ്പൂർ സർക്കാർ കുക്കി-സോ ജനതയുടെ സുരക്ഷ അപകടത്തിലാക്കുന്നു'; തനി ഭരണപ്രദേശം വേണമെന്ന ആവശ്യത്തിൽ ഉറച്ച് കെഎൻഒ

2023 മെയ് 3-ന് മുന്‍പ് മണിപ്പൂര്‍ സംസ്ഥാനത്തിനുള്ളില്‍ തന്നെ ഒരു 'ടെറിട്ടോറിയല്‍ കൗണ്‍സില്‍' എന്നതായിരുന്നു ആവശ്യം.

New Update
Untitled

ഡല്‍ഹി: മണിപ്പൂരിലെ 'ഭൂരിപക്ഷ' സര്‍ക്കാര്‍ കുക്കി-സോ  ജനതയുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണെന്ന് കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ വക്താവ് സെയിലന്‍ ഹാവോക്കിപ് ആരോപിച്ചു.

Advertisment

മണിപ്പൂരില്‍ നിന്ന് വേര്‍പെട്ട് നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശം വേണമെന്ന തങ്ങളുടെ രാഷ്ട്രീയ ആവശ്യം പരിഹരിക്കാന്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉപദേശകന്‍ അജിത് ലാലിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ലാലിന് ദേശീയ സുരക്ഷാ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചുള്ള വലിയ പരിചയസമ്പത്തുണ്ട്. മണിപ്പൂര്‍ സര്‍ക്കാരിന്റെ പക്ഷപാതപരമായ നിലപാടുകള്‍ കാരണം കുക്കി-സോ ജനത നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും സ്വയംഭരണത്തിനായുള്ള ആവശ്യങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണുമെന്ന് ഹാവോക്കിപ് പറഞ്ഞു.

 2023 മെയ് 3-ന് നടന്ന വംശീയ അതിക്രമങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് അദ്ദേഹം ആരോപിച്ചു. അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഉഖ്റുല്‍, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് സമാധാനം പുനഃസ്ഥാപിക്കുന്നതിലെ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഞങ്ങള്‍ക്ക് ഇനി മണിപ്പൂരിലേക്ക് മടങ്ങാന്‍ കഴിയില്ല. ഭൂരിപക്ഷ സമൂഹം ഞങ്ങളെ നിര്‍ബന്ധിതമായി പുറത്താക്കിയതാണ്. കൊളോണിയല്‍ ഭരണത്തിന് മുന്‍പ് ഒരിക്കലും മണിപ്പൂരിന്റെ ഭാഗമല്ലാതിരുന്ന ഞങ്ങളുടെ പിതൃഭൂമിയില്‍ സ്വന്തമായ ഭരണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,' ഹാവോക്കിപ് വ്യക്തമാക്കി.

2023 മെയ് 3-ന് മുന്‍പ് മണിപ്പൂര്‍ സംസ്ഥാനത്തിനുള്ളില്‍ തന്നെ ഒരു 'ടെറിട്ടോറിയല്‍ കൗണ്‍സില്‍' എന്നതായിരുന്നു ആവശ്യം. എന്നാല്‍ വംശീയ കലാപത്തിന് ശേഷം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239എ പ്രകാരം നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യത്തിലേക്ക് ഇത് മാറിയെന്ന് അദ്ദേഹം പറഞ്ഞു.


കേന്ദ്ര സര്‍ക്കാരുമായി ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് മണിപ്പൂര്‍ സര്‍ക്കാരാണെന്ന് ഹാവോക്കിപ് ആരോപിച്ചു. താഴ്വരയില്‍ നിന്ന് കുക്കി ജനതയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ ജനക്കൂട്ടത്തെ സഹായിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


അതേസമയം, കുക്കി സായുധ സംഘടനകള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് മൈതേയി സംഘടനകള്‍ ആരോപിക്കുന്നുണ്ട്. ഈ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ തങ്ങളുടെ ഭൂമിയില്‍ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കുന്നത് തടയാനാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്ന് കുക്കി വിഭാഗം തിരിച്ചടിക്കുന്നു.

Advertisment