ഇംഫാല്‍: മണിപ്പൂരില്‍ അക്രമത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ താഴ്വര ജില്ലകളിലെയും ജിരിബാമിലെയും സ്‌കൂളുകളും കോളേജുകളും 13 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറക്കുന്നു. നവംബര്‍ 29 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും.
വംശീയ സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ നീണ്ട തടസ്സങ്ങള്‍ക്കും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനും ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചത്.
ദുരിതബാധിത ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്, സ്വകാര്യ, സെന്‍ട്രല്‍ സ്‌കൂളുകളിലും സാധാരണ നിലയില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കി.
അതുപോലെ, സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളും സംസ്ഥാന സര്‍വകലാശാലകളും വെള്ളിയാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്ന് ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നവംബര്‍ 16 ന് ജിരിബാമില്‍ സുരക്ഷാ സേനയും കുക്കി-സോ തീവ്രവാദികളെന്ന് സംശയിക്കുന്നവരും തമ്മിലുള്ള വെടിവെപ്പിനെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയത്.