ഇംഫാല്‍: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി മണിപ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വം.
സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞാല്‍ മാത്രം പോരായെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി (സിഎല്‍പി) നേതാവ് ഒക്രം ഇബോബി സിംഗ് പറഞ്ഞു,
ക്ഷമാപണം പോരാ. വളരെ വൈകിയാണ് ക്ഷമാപണം നടത്തിയതെന്ന് പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ടെന്ന് ഒക്രം ഇബോബി സിംഗ് പറഞ്ഞു.
ട്രെയിന്‍ അപകടം പോലെയുള്ള പ്രവചനാതീതമായ സംഭവങ്ങളില്‍ ക്ഷമാപണം ഫലപ്രദമാകുമെന്നും എന്നാല്‍ അക്രമത്തിലേക്ക് നയിച്ച ഭരണപരമായ വീഴ്ചയുടെ കാര്യത്തില്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു
ക്രമസമാധാന നില ശരിയായി കൈകാര്യം ചെയ്യുന്നതിലുള്ള മുന്‍ സര്‍ക്കാരിന്റെ പരാജയങ്ങളാണ് സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണമെന്ന് ബിരേന്‍ സിംഗ് നിരന്തരം അവകാശപ്പെടുന്നതിനെയും ഇബോബി സിംഗ് കുറ്റപ്പെടുത്തി.
മണിപ്പൂരിലെ ക്രമസമാധാന നില എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ലെന്നും അതിനാലാണ് നിലവിലെ ക്രമസമാധാന നിലയ്ക്ക് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും ഇബോബി സിംഗ് പറഞ്ഞു
ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അദ്ദേഹം ലജ്ജിക്കണം, രണ്ട് വര്‍ഷത്തോളമായി ആളുകള്‍ പരസ്പരം കൊന്നതിന് ശേഷം അദ്ദേഹം മാപ്പ് പറയുകയാണെന്ന് ഇബോബി കൂട്ടിച്ചേര്‍ത്തു.