ഇംഫാല്‍: മണിപ്പൂരില്‍ വന്‍ വാഹനാപകടം. സേനാപതി ജില്ലയില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി ഒരു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മരിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
രണ്ട് സൈനികര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരു ജവാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
13 പേര്‍ക്ക് പരിക്കേറ്റതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈനികരുടെ മൃതദേഹങ്ങള്‍ സേനാപതി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
സംഭവത്തിന് തൊട്ടുപിന്നാലെ മണിപ്പൂര്‍ ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തി. സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദാരുണമായ അപകടത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ ശ്രീ അജയ് കുമാര്‍ ഭല്ല അഗാധമായ ദുഃഖം രേഖപ്പെടുത്തി.