ഇംഫാല്‍: മെയ്റ്റെ സംഘടനയുടെ നേതാവായ അരംബായ് ടെങ്കോളിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ഇംഫാലിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായി. അറസ്റ്റിലായ നേതാവിന്റെ പേരോ അയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളോ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.
ഇംഫാലില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. പ്രദേശത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ക്വാകിറ്റെലിലും ഉറിപോക്കിലും പ്രതിഷേധക്കാര്‍ റോഡിന്റെ മധ്യത്തില്‍ ടയറുകള്‍ കത്തിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
വംശീയ സംഘര്‍ഷത്തിന്റെ ഉച്ചസ്ഥായിയില്‍ തങ്ങളുടെ ഗ്രാമങ്ങള്‍ ആക്രമിച്ചതായി കുക്കി ഗോത്രങ്ങള്‍ ആരോപിക്കുന്ന മെയ്റ്റെ വളണ്ടിയര്‍ ഗ്രൂപ്പായ അരംബായ് ടെങ്കോളിലെ (എടി) അംഗങ്ങളായ യുവാക്കളാണ് പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും.
2023 ഒക്ടോബറില്‍ സ്നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ തങ്ങളുടെ സമുദായത്തിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിനെതിരെ അതിര്‍ത്തി പട്ടണമായ മൊറേയിലെ കുക്കി ഗോത്രങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെയാണ് ഇംഫാലില്‍ പ്രതിഷേധം.
മണിപ്പൂര്‍ പോലീസ് ഓഫീസര്‍ ചിങ്തം ആനന്ദിന്റെ കൊലപാതകക്കേസിലെ പ്രതിയായ കാമഗിന്‍താങ് ഗാങ്ടെയെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായി ആരോപിച്ച് കുക്കി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ മോറെ ഉള്‍പ്പെടെയുള്ള തെങ്നൗപാല്‍ ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.