ഇംഫാൽ: മണിപ്പൂരിലെ പുനരധിവാസ ക്യാമ്പിൽനിന്ന് തട്ടിക്കൊണ്ടുപോയതിനുശേഷം നദിയിൽ കണ്ടെത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിശദാംശങ്ങളാണുള്ളത്.
10 മാസം പ്രായമുള്ള കുട്ടിയുടെയും ഒരു സ്ത്രീയുടെയും കണ്ണുകൾ മൃതദേഹത്തിൽ കാണാനായില്ല. എട്ട് വയസ്സുകാരിയുടെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ കാണപ്പെട്ടു.
സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏറ്റവും പുതിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈഷ്‌റാം ലംഗൻബ എന്ന 10 മാസം പ്രായമുള്ള ആൺകുട്ടിയുടെ രണ്ട് നേത്രഗോളങ്ങളും കൺകുഴിയിൽ നിന്ന് നഷ്ടപ്പെട്ടതായും ശരീരത്തിൽ വെട്ടേൽക്കുകയും തല ഉടലിൽനിന്ന് വേർപ്പെട്ട നിലയിൽ ആയിരുന്നുവെന്നും പറയുന്നു.
നവംബർ 17ന് മോർച്ചറിയിൽ എത്തിച്ചപ്പോൾ ടീ ഷർട്ടും ട്രൗസറും ധരിച്ചിരുന്ന നിലയിലായിരുന്നുവെങ്കിലും കുട്ടിയുടെ മൃതദേഹം അഴുകിയിരുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
കൂടാതെ, ടെലൻ തജൻഗൻബി എന്ന എട്ടുവയസ്സുകാരിക്ക് വയറ്റിൽ വെടിയുണ്ടകൾ മൂലം നിരവധി പരിക്കുകളുണ്ടായിരുന്നു. 31 കാരിയായ ടെലിം തോയ്ബി എന്ന സ്ത്രീക്ക് വെടിയുണ്ടകളേറ്റ് തലയോട്ടി തകർന്നിരുന്നു.
ഈ കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോയവരുടെ ക്രൂരതയുടെ ആഴം വ്യക്തമാകുന്ന വിധം മറ്റുള്ളവരുടേതും വരുന്നത്.
നേരത്തെ പുറത്തുവിട്ട ചിംകീന്‍ബ സിങ് (മൂന്ന്), ഹെയ്‌തോന്‍ബി ദേവി (25), റാണി ദേവി (60) എന്നിവരുടെ റിപ്പോര്‍ട്ടിലും അസ്വസ്ഥപ്പെടുത്തുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
സുരക്ഷാ സേനയും കുക്കി വിഭാഗത്തിലെ 11 പേരും തമ്മിലുള്ള വെടിവെപ്പിനു ശേഷമായിരുന്നു മെയ്‌തെയ് വിഭാഗത്തിലെ ആറ് പേരെ നവംബര്‍ 11ന് ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കാണാതായത്.