ഡൽഹിയിൽ വീണ്ടും വംശീയ അതിക്രമം: അധിക്ഷേപം ചോദ്യം ചെയ്ത മണിപ്പൂരി യുവതിക്ക് ക്രൂരമർദ്ദനം

സുഹൃത്തുക്കളോടൊപ്പം പാര്‍ക്കിലൂടെ നടക്കുകയായിരുന്ന യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അധിക്ഷേപിക്കുകയായിരുന്നു.

New Update
Untitled

ഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടരുന്നു.

Advertisment

തെക്കന്‍ ഡല്‍ഹിയിലെ സാകേത് ജില്ലാ കോടതിക്ക് സമീപം ഞായറാഴ്ച വൈകുന്നേരം മണിപ്പൂരി യുവതിക്ക് നേരെയാണ് ഒരു സംഘം പുരുഷന്മാരുടെ ആക്രമണമുണ്ടായത്. തനിക്കും സുഹൃത്തുക്കള്‍ക്കും നേരെ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമായത്.

സുഹൃത്തുക്കളോടൊപ്പം പാര്‍ക്കിലൂടെ നടക്കുകയായിരുന്ന യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അധിക്ഷേപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കം രൂക്ഷമാവുകയും സംഘം യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും സൗത്ത് ഡല്‍ഹി ഡിസിപി അങ്കിത് ചൗഹാന്‍ വ്യക്തമാക്കി. ബിഎന്‍എസ് പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍, വംശീയ വിദ്വേഷം പടര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.


സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ രംഗത്തെത്തി. ഇതൊരു വംശീയമായ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'മണിപ്പൂര്‍, അസം സ്വദേശികള്‍ക്ക് നേരെ ഡല്‍ഹിയില്‍ നടന്ന ആക്രമണം അങ്ങേയറ്റം ലജ്ജാകരമാണ്. വംശീയ അധിക്ഷേപങ്ങള്‍ ഒരു സാധാരണ സംഭവമായി മാറാന്‍ അനുവദിക്കരുത്. ഇത്തരം ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം,' - അദ്ദേഹം എക്സില്‍ കുറിച്ചു.

Advertisment