Advertisment

നഗ്നരാക്കി പരേഡ് നടത്തുന്നതിനു മുൻപ് സ്ത്രീകൾ പൊലീസ് വാഹനത്തിൽ കയറി, താക്കോൽ ഇല്ലെന്ന് ഡ്രൈവർ പറഞ്ഞു: മണിപ്പൂർ കുറ്റപത്രം

''ആയിരത്തോളം പേരുള്ള അക്രമാസക്തമായ ജനക്കൂട്ടത്തിന് സമീപം ഡ്രൈവർ വാഹനം ഓടിച്ചു നിർത്തി, ഇരയായ പുരുഷൻ വീണ്ടും പൊലീസിനോട് വാഹനം സ്റ്റാർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു, പക്ഷേ അവനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
manipur Untitled4464.jpg

ഡൽഹി: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി പരേഡ് നടത്തുകയും ബലാത്സംഗം ചെയ്യുന്നതിനും തൊട്ടുമുമ്പ്, റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിൽ അവർ കയറി ഇരുന്നതായും വാഹനം സ്റ്റാർട്ട് ചെയ്യാൻ പൊലീസിനോട് അഭ്യർത്ഥിച്ചപ്പോൾ താക്കോൽ ഇല്ലെന്ന് പൊലീസ് ഡ്രൈവർ പറഞ്ഞതായും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

Advertisment

''ജനക്കൂട്ടത്തിൽനിന്നും രക്ഷപ്പെട്ട രണ്ടു സ്ത്രീകളും പൊലീസ് വാഹനത്തിൽ കയറി ഇരുന്നു. വാഹനത്തിൽ പൊലീസ് കാക്കി യൂണിഫോം ധരിച്ച രണ്ടു പൊലീസുകാരും ഡ്രൈവറും ഉണ്ടായിരുന്നു. 3-4 പൊലീസുകാർ പുറത്ത് നിൽപ്പുണ്ടായിരുന്നു.

ഇരയായ ഒരു പുരുഷൻ വാഹനം സ്റ്റാർട്ട് ചെയ്യാൻ പൊലീസുകാരോട് അഭ്യർത്ഥിച്ചു, പക്ഷേ 'താക്കോൽ ഇല്ല' എന്നായിരുന്നു ഡ്രൈവർ നൽകിയ മറുപടി. തങ്ങളെ സഹായിക്കാനും ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും ഒരാളെ രക്ഷിക്കാനും അവർ പൊലീസുകാരോട് ആവർത്തിച്ച് അപേക്ഷിച്ചു, പക്ഷേ 'പൊലീസ് അവരെ സഹായിച്ചില്ല,'' സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

''ആയിരത്തോളം പേരുള്ള അക്രമാസക്തമായ ജനക്കൂട്ടത്തിന് സമീപം ഡ്രൈവർ വാഹനം ഓടിച്ചു നിർത്തി, ഇരയായ പുരുഷൻ വീണ്ടും പൊലീസിനോട് വാഹനം സ്റ്റാർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു, പക്ഷേ അവനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു.

കുറച്ച് സമയത്തിന് ശേഷം, ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് ആൾക്കൂട്ടത്തിനിരയായ ആൾ മരിച്ചതായി സഹപ്രവർത്തകരോട് പറഞ്ഞു. ഇത് കേട്ട് വാഹനത്തിലുണ്ടായിരുന്ന പുരുഷൻ ഇരയായ സ്ത്രീയോട് തന്റെ പിതാവിനെ മർദിച്ചു കൊന്നുവെന്ന് പറഞ്ഞു,'' സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

വൻ ജനക്കൂട്ടം പൊലീസ് വാഹനത്തിനു നേരെ തിരിച്ചുവന്ന് വാഹനം കുലുക്കിയതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ''പൊലീസ് വാഹനത്തിൽനിന്നും ഇരയായ പുരുഷനെയും രണ്ടു സ്ത്രീകളെയും ജനക്കൂട്ടം വലിച്ചിറക്കി.

ഇരകളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്ത് പൊലീസ് അവിടെനിന്നും പോയി. ജനക്കൂട്ടം സ്ത്രീകളുടെ വസ്ത്രം വലിച്ചു കീറുകയും ഇരയായ പുരുഷനെ മർദിക്കുകയും ചെയ്തു. മറ്റൊരു ഇരയായ സ്ത്രീ അതിനു തൊട്ടടുത്തായി ഒളിച്ചിരുന്ന് ഈ മുഴുവൻ സംഭവവും കാണുന്നുണ്ടായിരുന്നു,'' സിബിഐ പറഞ്ഞു.

മേയ് 3 ന് ചുരാചന്ദ്പൂരിൽ അക്രമാസക്തമായ സംഭവം നടന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിൽ ഗുവാഹത്തിയിലെ പ്രത്യേക കോടതിയിൽ ആറ് പേർക്കും പ്രായപൂർത്തിയാകാത്ത ഒരാൾക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

Advertisment