ഡല്‍ഹി: മണിപ്പൂരില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ നൂറുല്‍ ഹസ്സന്‍. പതിയിരുന്ന് നടത്തിയ ആക്രമണം തന്റെ ജീവന്‍ ലക്ഷ്യം വച്ചുള്ള ശ്രമമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിനിടെ നൂറോളം മയക്കുമരുന്ന് കള്ളക്കടത്തുകാരുള്ള സംഘം തന്റെ കൈ പിടിച്ച് തിരിക്കുകയും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 5 ന് അത്താഴത്തിന് ശേഷം സഹോദരിയുടെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ആക്രമണം നടന്നതെന്ന് തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഹസ്സന്‍ പറഞ്ഞു.
ഇത് എന്റെ നേരെയുള്ള ഒരു വധശ്രമമായിരുന്നു. ഏകദേശം 100 പേരടങ്ങുന്ന ഒരു മയക്കുമരുന്ന് മാഫിയ സംഘം എന്നെ ആസൂത്രിതമായ രീതിയില്‍ ആക്രമിച്ചു. അവര്‍ വെടിയുതിര്‍ത്തുവെന്നും ക്ഷേത്രിഗാവോയില്‍ നിന്നുള്ള എംഎല്‍എ ഹസ്സന്‍ പറഞ്ഞു.