/sathyam/media/media_files/CngOIwjQwwVTgamFSOTo.jpg)
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
കാങ്കർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഈ വർഷം മാത്രം കൊല്ലപ്പെട്ട മാവോയിസ്റ്റ് അംഗങ്ങളുടെ എണ്ണം 252 ആയി ഉയർന്നു.
ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന കാങ്കർ, ബസ്തർ, കൊണ്ടഗാവ്, ബിജാപൂർ, ദന്തേവാഡ, നാരായൺപൂർ, സുക്മ എന്നീ ജില്ലകളിൽ മാത്രം 223 പേരാണ് ഈ വർഷം ഉണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളായിരുന്നു ഛത്തീസ്ഗഡിൽ ആകെ കൊല്ലപ്പെട്ടത്. ഇതിൽ 217 പേരും ബസ്തർ മേഖലയിലാണ് കൊല്ലപ്പെട്ടത്.
കാങ്കർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിന്ദഖഡക് ഗ്രാമത്തിനു സമീപത്തെ കുന്നിൻ പ്രദേശത്താണ് ഞായറാഴ്ച ഏറ്റുമുട്ടൽ ഉണ്ടായത്.
മാവോയിസ്റ്റ് നീക്കത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ലാ റിസർവ് ഗാർഡും (ഡിആർജി) ബിഎസ്എഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന്, കാങ്കർ ജില്ലാ പൊലീസ് സൂപ്രണ്ട് ഐ. കല്യാൺ എലെസേല പറഞ്ഞു.
ഒരു സ്ത്രീയടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിളും (എസ്എൽആർ), ഒരു ഓട്ടോമാറ്റിക് വെപ്പണും, ഒരു .303 റൈഫിളും, ഒരു 12-ബോർ തോക്കും പിടിച്ചെടുത്തായി അധികൃതർ അറിയിച്ചു.
തലയ്ക്ക് 14 ലക്ഷം രൂപ വില പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്.