അപകടനില തരണം ചെയ്ത് മായങ്ക്, 48 മണിക്കൂര്‍ സംസാരിക്കാനാവില്ല; താരത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം

New Update
mayank

അഗര്‍ത്തല: ഇന്ത്യന്‍ ബാറ്ററും കര്‍ണാടക ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാള്‍ അപകടനില തരണം ചെയ്തു. ബുധനാഴ്ച അഗര്‍ത്തലയിലെ ആശുപത്രിയില്‍ നിന്ന് താരത്തെ ഡിസ്ചാര്‍ജ് ചെയ്യും. ഉച്ചയോടെ മായങ്ക് അഗര്‍വാള്‍ ബെംഗളൂരുവില്‍ എത്തുമെന്നും 'അള്‍സറും വീക്കവും' കാരണം താരത്തിന് അടുത്ത 48 മണിക്കൂര്‍ സംസാരിക്കാന്‍ കഴിയില്ലെന്നും കര്‍ണാടക ടീം മാനേജര്‍ രമേഷ് പറഞ്ഞു.

Advertisment

വിമാനത്തില്‍ വെച്ച് 'വിഷ ദ്രാവകം' ഉള്ളില്‍ ചെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട താരത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ദാഹം അനുഭവപ്പെട്ടപ്പോള്‍ തന്റെ സീറ്റിന് മുന്നില്‍ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് കുടിക്കുകയായിരുന്നു. പിന്നാലെ മായങ്കിന് തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചുണ്ടില്‍ നീര്‍വീക്കം അനുഭവപ്പെടുകയും ചെയ്തു.

ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് അഗര്‍ത്തലയില്‍ ഇറക്കിയ ശേഷമാണ് മായങ്ക് അഗര്‍വാളിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വൈകുന്നേരത്തോടെ തന്നെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയിറക്കി.

അതേസമയം സംഭവത്തില്‍ മായങ്ക് അഗര്‍വാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ സീറ്റിന് മുന്നില്‍ വിഷലിപ്തമായ ദ്രാവകം എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് പരാതി. പോലീസ് പരാതി സ്വീകരിച്ചതായും വിമാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ത്രിപുര ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ പറഞ്ഞു.

കര്‍ണാടകയുടെ അടുത്ത രഞ്ജി ട്രോഫി മത്സരത്തിനായി സൂറത്തിലേക്കുള്ള യാത്രാമധ്യേയാണ് മായങ്കിന് അപ്രതീക്ഷിത സാഹചര്യം നേരിടേണ്ടി വന്നത്. അഗര്‍ത്തലയില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് സിയിലെ കളിയില്‍ ത്രിപുരയ്ക്കെതിരെ കര്‍ണാടകയെ വിജയത്തിലേക്ക് താരം നയിച്ചിരുന്നു.

Advertisment