/sathyam/media/media_files/2026/03/04/untitled-2026-03-04-09-42-38.jpg)
ശ്രീനഗര്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ശ്രീനഗര്‍ എം.പി ആഗ റുഹുള്ള മെഹ്ദി, മുന്‍ മേയര്‍ ജുനൈദ് അസിം മട്ടു എന്നിവര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തു.
പൊതുസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചതിനാണ് ശ്രീനഗര്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തത്.
ജനങ്ങളില്‍ ഭീതി പടര്‍ത്താനും അശാന്തിയുണ്ടാക്കാനും സാധ്യതയുള്ള വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. ഇത്തരം ബോധപൂര്‍വമായ ശ്രമങ്ങള്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഔദ്യോഗിക സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
'ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവ് കൊല്ലപ്പെട്ടതിനെ അപലപിക്കാത്ത ഭരണകൂടം, അത് ചെയ്ത വ്യക്തിക്കെതിരെ കേസെടുക്കാന്‍ ധൈര്യം കാണിക്കുന്നു,' എന്ന് എം.പി പ്രതികരിച്ചു. സത്യം വിളിച്ചുപറയാനാണ് ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതെന്നും എഫ്.ഐ.ആറുകള്‍ കൊണ്ട് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ വിഷയത്തില്‍ പ്രതികരിച്ചതിനെത്തുടര്‍ന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി മുന്‍ മേയര്‍ ആരോപിച്ചു. ഭരണകൂടത്തെ അന്ധമായി പുകഴ്ത്താന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരാതിരിക്കാന്‍ ഭരണകൂടം കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ശ്രീനഗറിലും താഴ്വരയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 7 വരെ സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടിയിരിക്കുകയാണ്.
തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് വേഗത കുറച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ പോലീസും സുരക്ഷാ സേനയും ജാഗ്രത തുടരുകയാണ്. ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us