കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും.
അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. രക്ഷപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം അടക്കം കലക്ടറുടെ സംഘം അന്വേഷിക്കും.
ഇന്നലെ രാവിലെ പത്തേമുക്കാലിനാണ് 68 വര്‍ഷം പഴക്കമുള്ള പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗവും ഇതോട് ചേര്‍ന്നുള്ള പഴയ ശൗചാലയ ഭാഗവും പൊളിഞ്ഞു വീണത്. ഉപയോഗത്തിലില്ലാത്ത കെട്ടിടത്തിനോടു ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞു വീണത്.
ഇവിടം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും തിരക്കേറുമ്പോള്‍ ഈ ശൗചാലയങ്ങള്‍ പലരും ഉപയോഗിച്ചിരുന്നു. പത്താം വാര്‍ഡിന്റെ ശൗചാലയത്തോടു ചേര്‍ന്നുള്ള ഭാഗമായതിനാല്‍ ഇവിടെ നിന്നുള്ളവരും വന്നിരുന്നു.
ചുറ്റും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലമായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. മാത്രമല്ല, ഉപയോഗിക്കുന്ന സ്ഥലമല്ലാതിരുന്നതിനാല്‍ ആരും കാണില്ലെന്ന ധാരണയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതു വൈകി. സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും ആരുമില്ലെന്നു പറഞ്ഞിരുന്നു. ഇതോടെ ഫയര്‍ഫോഴ്‌സ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നിര്‍ത്തി.
ഇതിനിടെ, ബിന്ദുവിന്റെ മകള്‍ നവമി അമ്മ, കുളിയ്ക്കാന്‍ പോയിരുന്നുവെന്നും തിരികെ എത്തിയില്ലെന്നും ഫോണ്‍ എടുത്തിരുന്നില്ലെന്നും പറഞ്ഞു. തുടര്‍ന്നും കാണാതായതോടെ വിശ്രുതന്‍ അധികൃതരോട് പറഞ്ഞു. ഇതിനിടെ ബിന്ദുവിന്റെ സഹോദരിയുടെ മരുമകന്‍ ഗിരീഷ് എറണാകുളം ഗിരിനഗര്‍ പോലീസിലും വിവരം അറിയിച്ചു.
ബിന്ദുവിനെ കാണാനില്ലെന്ന വാര്‍ത്ത ചാനലുകളില്‍ വന്നതോടെയാണ് വീണ്ടും തെരച്ചില്‍ ആരംഭിച്ചത്. കെട്ടിടം ഇടിഞ്ഞു വീണ ഭാഗത്തേക്ക് ഹിറ്റാച്ചി എത്തിക്കാന്‍ മാര്‍ഗമില്ലാതിരുന്നതാനാല്‍ ആശുപത്രി ബ്ലോക്കിലെ ഒരു ഭിത്തി പൊളിച്ചാണ് ഹിറ്റാച്ചി എത്തിച്ചത്.
ഹിറ്റാച്ചി ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദുവിനെ കണ്ടെത്തിയത്. സ്ലാബുകള്‍ക്കിടയില്‍ മുഖം തകര്‍ന്നു, തലയ്ക്കു പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. പുറത്തെടുക്കുമ്പോള്‍ ബിന്ദുവിനു ജീവന്‍ ഉണ്ടായിരുന്നു. ചികിത്സയിലിരിക്കെയാണ് ബിന്ദു മരിച്ചത്.