/sathyam/media/media_files/2026/02/28/untitled-2026-02-28-09-40-32.jpg)
ഷില്ലോങ്: ഷില്ലോങ്ങിലെ ആര്‍മി ട്രെയിനിംഗ് സെന്ററില്‍ മെനിഞ്ചോകോക്കല്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മേഘാലയ സര്‍ക്കാര്‍ പൊതുജനാരോഗ്യ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പരിശീലനത്തിനെത്തിയ രണ്ട് അഗ്‌നിവീറുകള്‍ അണുബാധയെത്തുടര്‍ന്ന് മരിച്ചതായാണ് റിപ്പോര്‍ട്ട്.
രോഗം പടരാതിരിക്കാന്‍ അധികൃതര്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയും, രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ബാധിക്കപ്പെട്ട മേഖലകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
സംസ്ഥാന ഹെല്‍ത്ത് സര്‍വൈലന്‍സ് യൂണിറ്റ് അതീവ ജാഗ്രതയിലാണെന്നും വിശദമായ എപ്പിഡെമിയോളജിക്കല്‍ അന്വേഷണം നടക്കുകയാണെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലാ സര്‍വൈലന്‍സ് യൂണിറ്റ് ലബോറട്ടറി പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മറ്റ് സ്ഥലങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ കണ്ടാലോ തിരക്കേറിയ സ്ഥലങ്ങളിലോ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ ശുദ്ധിയാക്കുക, ശ്വസന സംബന്ധമായ മര്യാദകള്‍ പാലിക്കുക എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കഠിനമായ പനി, അസഹ്യമായ തലവേദന, ഛര്‍ദ്ദി, ചര്‍മ്മത്തില്‍ തടിപ്പുകള്‍, വിറയല്‍ അല്ലെങ്കില്‍ തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us