മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളില്‍ പെണ്‍കുട്ടികളെ ആര്‍ത്തവ പരിശോധനക്ക് വിധേയരാക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും വനിതാ അറ്റന്‍ഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം സ്‌കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പെണ്‍കുട്ടികളെ സ്‌കൂള്‍ കോണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചു, പ്രൊജക്ടറില്‍ രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ച്, ആര്‍ക്കാണ് ആര്‍ത്തവമുള്ളതെന്ന് ചോദിച്ചു.
ആര്‍ത്തവം ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച കുട്ടികളില്‍ നിന്ന് വിരലടയാളം എടുത്തു. ബാക്കിയുള്ള കുട്ടികളെ ഓരോരുത്തരായി ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെ വനിതാ അറ്റന്‍ഡന്റ് അവരുടെ സ്വകാര്യഭാഗങ്ങള്‍ പരിശോധിച്ചു.
ഈ നടപടിയില്‍ കുട്ടികള്‍ മാനസികമായി തളര്‍ന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
പ്രിന്‍സിപ്പല്‍, നാല് അധ്യാപകര്‍, രണ്ട് ട്രസ്റ്റികള്‍, അറ്റന്‍ഡന്റ് എന്നിവരെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും തുടരുകയാണ്.