ആഗ്ര: ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മങ്കമേശ്വർ മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സ്റ്റേഷന് സമീപത്തുള്ള അതിപുരാതന ക്ഷേത്രമായ മങ്കമേശ്വർ ക്ഷേത്രത്തിന്റെ ബഹുമാനാർത്ഥമാണ് പുനർനാമകരണം.
വിപുലമായ സംവിധാനങ്ങളോടെയും സൗകര്യങ്ങളോടെയും ആഗ്രയിൽ മെട്രോ ട്രെയിൻ ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പദ്ധതി പ്രഖ്യാപിച്ച സമയത്ത് തന്നെ എല്ലാ സ്റ്റേഷനുകളുടെയും പേരുകൾ നിർദ്ദേശിച്ചിരുന്നെങ്കിലും ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മാറ്റാനും ക്ഷേത്രത്തിന്റെ പേര് നൽകാനും തീരുമാനിക്കുകയായിരുന്നു.
ആകെ 13 സ്റ്റേഷനുകളാണ് ആഗ്ര മെട്രോ ഇടനാഴിയിൽ ഉള്ളത്. താജ്മഹൽ ഈസ്റ്റ് ഗേറ്റാണ് ആദ്യത്തെ സ്റ്റേഷൻ. ഇടനാഴിയുടെ ആറാമത്തെയും അവസാനത്തെയും സ്റ്റേഷനാണ് ജുമാ മസ്ജിദ് സ്റ്റേഷൻ. ഇനി ഇത് മങ്കമേശ്വർ സ്റ്റേഷൻ എന്നറിയപ്പെടും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2022 ജൂലൈയിൽ പേര് മാറ്റാനുള്ള ഉദ്ദേശ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്ര മെട്രോയുടെ മുൻഗണനാ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ മാറ്റം നടപ്പാക്കിയത്.