കൊല്‍ക്കത്ത: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തി ആശുപത്രി വിട്ടു. സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. താൻ ആരോഗ്യവാനാണെന്നും ഭക്ഷണകാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഞാൻ ഒരു രാക്ഷസനെ പോലെയാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. എല്ലാവരോടും എനിക്ക് പറയാനുള്ള ഒരു കാര്യം നിങ്ങൾ ഡയറ്റിൽ നിയന്ത്രണം കൊണ്ടുവരണം. മധുരം കഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഒരു തെറ്റുദ്ധാരണ പ്രമേഹരോഗികളിലുണ്ട്. അത് പാടില്ല- മിഥുൻ ചക്രബർത്തി പ്രസ്താവനയിൽ പറഞ്ഞു.
ചികിത്സയിലിരിക്കെ ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണിൽ വിളിച്ചു ശകാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം ഉറപ്പു നൽകി. പിതാവ് ആരോഗ്യവാനാണെന്നും എല്ലാവരുടെയും പ്രാർഥനയ്ക്ക് നന്ദിയുണ്ടെന്നും മിഥുൻ ചക്രബർത്തിയുടെ മകൻ നമശി ചക്രബർത്തി എക്സിൽ കുറിച്ചു.