ജയ്‌പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിൽ തകര്‍ന്നുവീണു. ഇന്നലെ രാത്രിയോടെയാണ് സംഭവം. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജനവാസ മേഖലയിൽ നിന്ന് മാറിയാണ് സംഭവം നടന്നത്. തകര്‍ന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും ജീവഹാനി റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
സംഭവത്തിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിർന്ന ഐഎഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. പൈലറ്റ് സുരക്ഷിതനാണെന്നും ജീവനോ സ്വത്തിനോ നഷ്‌ടമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ബാർമർ സെക്‌ടറിലെ പതിവ് രാത്രി പരിശീലന ദൗത്യത്തിനിടെ, വിമാനം തകർന്ന് പൈലറ്റിന് പുറത്തിറങ്ങേണ്ടി വന്നു. പൈലറ്റ് സുരക്ഷിതനാണ്. ജീവനോ മറ്റ് സ്വത്തിനോ ആപത്ത് സംഭവിച്ചിട്ടില്ല. സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.'- സംഭവത്തിന് പിന്നാലെ ഐഎഎഫ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.
ബാർമർ കലക്‌ടർ നിശാന്ത് ജെയിൻ, എസ്‌പി നരേന്ദ്ര മീണ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപം മഴവെള്ളം കെട്ടിക്കിടന്നതിനാൽ അഗ്നിശമന സേനയ്ക്ക് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ടായതായി എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.