/sathyam/media/media_files/2026/01/19/millionaire-beggar-2026-01-19-23-49-23.jpg)
ഇൻഡോർ: നഗരത്തെ ഭിക്ഷാടനമുക്തമാക്കാൻ മധ്യപ്രദേശ് സർക്കാർ നടത്തുന്ന പരിശോധനയിൽ ഇൻഡോറിലെ ഭിക്ഷക്കാരനായ മംഗി ലാലിന്റെ സ്വത്ത് വിവരങ്ങൾ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.
ഭിക്ഷക്കാരനെന്ന നിലയിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാളുടെ കോടികളുടെ ആസ്തി പുറത്തുവന്നത്.
ഇൻഡോറിലെ സറഫ ബസാറിൽ ഭിക്ഷയെടുക്കുന്ന മംഗി ലാലിന് ഭഗത് സിങ് നഗറിൽ മൂന്നുനില വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും സ്വന്തമാണ്. ഭിന്നശേഷി വിഭാഗത്തിൽ സർക്കാർ പദ്ധതിയിലൂടെ ലഭിച്ച ഒരു ബെഡ്‌റൂം ഫ്ലാറ്റും ഇയാളുടെ പേരിലുണ്ട്.
സ്വന്തമായി സ്വിഫ്റ്റ് ഡിസയർ കാറും അതിനായി ഡ്രൈവറും, വാടകയ്ക്ക് നൽകുന്ന മൂന്ന് ഓട്ടോറിക്ഷകളും മംഗി ലാലിനുണ്ട്. ഇതിന് പുറമെ പണം പലിശയ്ക്ക് നൽകുന്ന ബിസിനസും ഇയാൾ നടത്തിവരുന്നതായി കണ്ടെത്തി. യാചിച്ച് ലഭിച്ച പണമാണ് ജ്വല്ലറി വ്യാപാരികൾക്ക് വരെ പലിശയ്ക്ക് നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മംഗി ലാലിന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് വനിതാ-ശിശു വികസന വകുപ്പ് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us