അനധികൃത ഖനനം വെച്ചുപൊറുപ്പിക്കില്ല; മേഘാലയയിൽ 62 കേസുകൾ, 15,000 ടൺ കൽക്കരി പിടിച്ചെടുത്തു; സ്ഫോടനത്തിൽ മരണം 33 ആയി

മൈന്‍സങ്കാറ്റിലെ നിയമവിരുദ്ധ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സ്‌ഫോടന ദിവസം 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

New Update
Untitled

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലുണ്ടായ വെടിമരുന്ന് സ്‌ഫോടനത്തിന് പിന്നാലെ അനധികൃത കല്‍ക്കരി ഖനനത്തിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഫെബ്രുവരി 5-നുണ്ടായ ദുരന്തത്തിന് ശേഷം ഇതുവരെ 62 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 15,224 മെട്രിക് ടണ്‍ കല്‍ക്കരി പിടിച്ചെടുത്തതായും മുഖ്യമന്ത്രി കോണ്‍റാഡ് കെ സാംഗ്മ നിയമസഭയെ അറിയിച്ചു.

Advertisment

മൈന്‍സങ്കാറ്റിലെ നിയമവിരുദ്ധ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സ്‌ഫോടന ദിവസം 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു.


തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചിലിലും ചികിത്സയിലായിരുന്നവര്‍ മരിച്ചതോടെയുമാണ് മരണസംഖ്യ ഉയര്‍ന്നത്. മരിച്ച 8 പേരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. ബാക്കിയുള്ളവര്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുന്നു.

അനധികൃത ഖനനത്തിന് ഉപയോഗിച്ചിരുന്ന 6 ക്രെയിനുകള്‍ തകര്‍ക്കുകയും കല്‍ക്കരി കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണവും പ്രതിദിന റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ട്.

ഖനി അപകടവുമായി ബന്ധപ്പെട്ട് 7 പേരും കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് മറ്റ് 7 പേരും ഉള്‍പ്പെടെ ഇതുവരെ 14 പേര്‍ പിടിയിലായി. ഖനന മേഖലകളില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതിരിക്കാന്‍ ബിഎന്‍എസ്എസ് സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.


ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എസ്. ചൗഹാന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നിയമവിരുദ്ധ ഖനനത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തുകയും ഭരണപരമായ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.


2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന് ശേഷം ശാസ്ത്രീയവും നിയമാനുസൃതവുമായ ഖനന രീതിയിലേക്ക് സംസ്ഥാനം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ സി.എച്ച്. വിജയശങ്കര്‍ നിയമസഭയില്‍ പറഞ്ഞു. ഫെബ്രുവരി 20-ന് അവതരിപ്പിക്കുന്ന ബജറ്റിലും ഈ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisment