ഭോപ്പാൽ: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒരു മലയിടുക്കിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ സോനം രഘുവംശിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജ രഘുവംശിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബാംഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സോനത്തെ അന്വേഷിച്ചുകൊണ്ടിരുന്ന രക്ഷാപ്രവർത്തകർക്ക് കറകളുള്ള ഒരു കറുത്ത റെയിൻകോട്ട് ലഭിച്ചിട്ടുണ്ട്. ''കോട്ടിലുള്ളത് രക്തക്കറകളാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അവ രക്തക്കറകളാണോയെന്ന് ഫോറൻസിക് വിദഗ്ധർക്ക് മാത്രമേ പറയാൻ കഴിയൂ. സോനം ധരിച്ചതാണോയെന്ന് സ്ഥിരീകരിക്കാൻ അവരുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്യും," ഈസ്റ്റ് ഖാസി ഹിൽസിലെ പൊലീസ് സൂപ്രണ്ട് വിവേക് സീയം പറഞ്ഞു.