തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി; മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഡി.എം.കെയിൽ ചേർന്നു

കഴിഞ്ഞ കുറച്ചു കാലമായി പനീര്‍ശെല്‍വം പക്ഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

New Update
Untitled

ചെന്നൈ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കം.

Advertisment

മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവുമായ ഒ. പനീര്‍ശെല്‍വം (ഒ.പി.എസ്) ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ വെച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.


മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീര്‍ശെല്‍വം മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജയലളിതയുടെ മരണശേഷം പാര്‍ട്ടിയിലുണ്ടായ നേതൃതര്‍ക്കത്തെത്തുടര്‍ന്ന് 2022 ജൂലൈയില്‍ എടപ്പാടി പളനിസ്വാമി വിഭാഗം ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 


തിരികെ പാര്‍ട്ടിയിലെത്താന്‍ പനീര്‍ശെല്‍വം ദീര്‍ഘകാലമായി ശ്രമിച്ചിരുന്നെങ്കിലും പളനിസ്വാമി ഇതിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം ഡി.എം.കെയില്‍ ചേര്‍ന്നത്.

കഴിഞ്ഞ കുറച്ചു കാലമായി പനീര്‍ശെല്‍വം പക്ഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

പനീര്‍ശെല്‍വത്തിന്റെ അനുയായിയും എം.എല്‍.എയുമായ പി. അയ്യപ്പന്‍ അടുത്തിടെ നിയമസഭയില്‍ വെച്ച് സ്റ്റാലിന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പനീര്‍ശെല്‍വത്തിന്റെ ആശിര്‍വാദത്തോടെയാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


പനീര്‍ശെല്‍വത്തിന്റെ ഡി.എം.കെ പ്രവേശനം തമിഴ്നാട് രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കും. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി 2026 തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങുന്നത്.


നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതോടെ പോരാട്ടം ത്രികോണമാകും. ശശികല സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ്. ടി.ടി.വി ദിനകരന്‍ ബി.ജെ.പി സഖ്യത്തിനൊപ്പവുമാണ്.

2021-ലെ തിരഞ്ഞെടുപ്പില്‍ 159 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ സഖ്യം അധികാരത്തിലെത്തിയത്. 2026-ലെ തിരഞ്ഞെടുപ്പില്‍ 'ദ്രാവിഡ മോഡല്‍ 2.0' ഉയര്‍ത്തിക്കാട്ടി അധികാരം നിലനിര്‍ത്താനാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. 

Advertisment