ആദ്യം ചന്ദ്രബാബു നായിഡു, ഇപ്പോള്‍ സ്റ്റാലിന്‍; ദമ്പതികളോട് കൂടുതല്‍ കുട്ടികള്‍ക്കായി ആഹ്വാനം ചെയ്ത് ആന്ധ്രാ, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാര്‍; ആഹ്വാനത്തിന് പ്രേരിപ്പിച്ചത് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനഃക്രമീകരണം

കൂടുതല്‍ കുട്ടികള്‍ക്കായി ദമ്പതികളോട് ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

New Update
stalin Untitledland

ചെന്നൈ: കൂടുതല്‍ കുട്ടികള്‍ക്കായി ദമ്പതികളോട് ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചെന്നൈയിൽ എച്ച്ആർ ആൻഡ് സിഇ ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച സൗജന്യ വിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്.

Advertisment

''പതിനാറും പെട്രു പെരു വാഴ്‌വ് വാഴ്ക'' എന്ന തമിഴ് പഴമൊഴി പരാമര്‍ശിച്ചാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്. ആളുകൾക്ക് പ്രശസ്തി, വിദ്യാഭ്യാസം, വംശം, സമ്പത്ത് മുതലായവ ഉൾപ്പെടെ 16 വ്യത്യസ്ത തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം.

"ഇന്ന്, ലോക്‌സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യം ഉള്ളതിനാൽ, ഉയരുന്ന ഒരു ചോദ്യമുണ്ട്: എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തേണ്ടത് ? എന്തുകൊണ്ടാണ് നമുക്ക് 16 കുട്ടികള്‍ വേണമെന്ന്‌ ലക്ഷ്യം വയ്ക്കാത്തത്?" സ്റ്റാലിൻ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡലങ്ങളുടെ പുനഃക്രമീകരണം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ ഇത്തരമൊരു ആഹ്വാനത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

നേരത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും സമാന ആഹ്വാനം നടത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരോടായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആഹ്വാനം.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മാത്രം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുള്ള നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും നായിഡു പറഞ്ഞു.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുന്ന നിയമം നേരത്തെ സംസ്ഥാനം പാസാക്കിയിട്ടുണ്ടായിരുന്നു. ആ നിയമം അസാധുവാക്കി, ഇപ്പോൾ അത് മാറ്റുന്നത് ഞങ്ങൾ പരിഗണിക്കുന്നു. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയേക്കാമെന്നും നായിഡു പറഞ്ഞു.

Advertisment