ചെന്നൈ: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക.
കേരളം അടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രധാന പാർട്ടികൾക്കുമാണ് യോഗത്തിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചത്.
സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനർനിർണയത്തിനെതിരെ സമ്മർദം ചെലുത്താനാണ് സ്റ്റാലിന്റെ നീക്കം.
കേരളത്തിൽനിന്ന് സിപിഎം, കോണ്ഗ്രസ്, കേരള കോണ്ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾക്കൊപ്പം ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
2026ന് ശേഷം ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയ നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ട്. ഇതിനെതിരെ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.