/sathyam/media/media_files/2026/02/21/untitled-2026-02-21-13-23-26.jpg)
ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ വാംഗ്‌സാഗിന്‍ വാല്‍റ്റെ (61) അന്തരിച്ചു.
കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മുതല്‍ മൂന്ന് വര്‍ഷത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
2023 മേയ് 4-ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മടങ്ങവെയാണ് വാല്‍റ്റെ ആക്രമിക്കപ്പെട്ടത്. ഇംഫാലില്‍ വെച്ച് ഒരു ജനക്കൂട്ടം അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മുഖത്തും കൈകാലുകളിലും ഗുരുതരമായ പരിക്കേറ്റിരുന്നു. മാസങ്ങളോളം ഐസിയുവില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് ഇംഫാലിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ എട്ടാം തീയതിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വൈ. ഖേംചന്ദിന്റെ നിര്‍ദേശപ്രകാരം വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ചുരാചന്ദ്പൂര്‍ ജില്ലയിലെ തന്‍ലോണ്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 2012 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം നിയമസഭയിലെത്തി. എന്‍. ബിരേന്‍ സിംഗ് സര്‍ക്കാരില്‍ ഗോത്രവര്‍ഗ ക്ഷേമം, പൊതുഭരണ വകുപ്പ്, ഗതാഗതം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി വിജയിച്ച അദ്ദേഹം പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. മണിപ്പൂര്‍ കലാപം ഒരു ജനപ്രതിനിധിയുടെ ജീവന്‍ കൂടി കവര്‍ന്നത് സംസ്ഥാനത്ത് വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാടായ ചുരാചന്ദ്പൂരിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us