ജനറൽ നരവണെയുടെ പുസ്തകം എവിടെ? ദുരൂഹത തുടരുന്നു; പുസ്തകം അച്ചടിച്ചിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അവകാശപ്പെടുമ്പോഴും പുസ്തകത്തിന്റെ കോപ്പി തന്റെ കൈയ്യിലുണ്ടെന്ന് രാഹുൽ ഗാന്ധി

പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പുസ്തകത്തിനായി പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചിരുന്നെങ്കിലും വിവാദത്തിന് പിന്നാലെ ഇവ റദ്ദാക്കി.

New Update
Untitled

ഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയുടെ ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു.

Advertisment

പുസ്തകം അച്ചടിച്ചിട്ടില്ലെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അവകാശപ്പെടുമ്പോഴും, പുസ്തകത്തിന്റെ കോപ്പി തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.


2020-ലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചും വിവാദമായ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുമുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്ന പുസ്തകം എങ്ങനെ പുറത്തെത്തി എന്നതാണ് നിലവിലെ പ്രധാന ചോദ്യം.


പുസ്തകം ഇതുവരെ അച്ചടിക്കാനോ വിതരണം ചെയ്യാനോ നല്‍കിയിട്ടില്ലെന്നും ഡിജിറ്റല്‍ രൂപത്തിലോ അച്ചടിച്ച രൂപത്തിലോ ഇത് ലഭ്യമാക്കിയിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

പുസ്തകത്തിന്റെ ഹാര്‍ഡ് ബൗണ്ട് കോപ്പി കൈയ്യിലേന്തി രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയിരുന്നു. മുന്‍ കരസേനാ മേധാവി കള്ളം പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രസാധകരും നരവണെയും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.


പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പുസ്തകത്തിനായി പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചിരുന്നെങ്കിലും വിവാദത്തിന് പിന്നാലെ ഇവ റദ്ദാക്കി.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുന്‍പ് എങ്ങനെ പുറത്തായി എന്നത് ഗൗരവകരമായ സുരക്ഷാവീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.

Advertisment