/sathyam/media/media_files/2025/12/23/gaaa-2025-12-23-18-49-40.jpg)
ലഖ്‌നോ: ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് 2015ൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ കൂട്ടക്കൊല ചെയ്ത കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ അനുവദിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അപേക്ഷ കോടതി തള്ളി.
സൂരജ്‌പൂരി കോടതിയാണ് സർക്കാരിന്റെ അപേക്ഷ നിരസിച്ചത്. കേസിന്റെ വിചാരണ വേഗത്തിലാക്കാനും കോടതി ഉത്തരവിട്ടു. ബിസാദ ഗ്രാമത്തിൽ നടന്ന അഖ്‌ലാഖിന്റെ കൊലപാതകം രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു.
പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് അയൽവാസികളടങ്ങിയ ആൾക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഖ്‌ലാഖിന്റെ മകനും ഗുരുതരമായി പരിക്കേറ്റിരുന്നു.
കുറ്റപത്രത്തിൽ പേരുള്ള എല്ലാ പ്രതികൾക്കുമെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ പ്രാദേശിക കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ സർക്കാരിന് ഏകപക്ഷീയമായി കുറ്റങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കേസിന്റെ വിചാരണ വൈകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി, നീതി വൈകുന്നത് ഇരകളോടുള്ള അനീതിയാകുമെന്ന് നിരീക്ഷിച്ചു. ഇതോടെയാണ് കേസിൽ നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദേശം നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us