/sathyam/media/media_files/2025/05/30/asV0AY6PdT9XiVvNs6du.jpg)
ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രുപുമായി സംസാരിക്കാന്‍ താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
'പ്രിയ സുഹൃത്ത്' എന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപിന്റെ അനുരഞ്ജന പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്തംഭിച്ച വ്യാപാര ചര്‍ച്ചകളില്‍ പുതിയൊരു ചലനാത്മകതയുണ്ടാകുമെന്ന് അദ്ദേഹം സൂചന നല്‍കി.
'ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്,' പ്രധാനമന്ത്രി മോദി എക്സില്‍ എഴുതി.
'നമ്മുടെ വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ അഴിച്ചുവിടുന്നതിന് വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നു.' മോദി എക്‌സില്‍ കുറിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണെന്നും ഒടുവില്‍ ഒരു വഴിത്തിരിവുണ്ടാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ അഭിപ്രായങ്ങള്‍ വന്നത്.
'നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങള്‍ക്കും വിജയകരമായ ഒരു നിഗമനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!' എന്നാണ് ട്രംപ് പറഞ്ഞത്.