/sathyam/media/media_files/2025/05/30/asV0AY6PdT9XiVvNs6du.jpg)
നീതി വൈകുന്നതു നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണെന്ന അർഥത്തിൽ ഇംഗ്ലീഷിൽ വിഖ്യാതമായൊരു ചൊല്ലുണ്ട്. നിയമനടപടികൾ വളരെയധികം സമയമെടുക്കുന്പോൾ, ആത്യന്തികമായി ഫലം അനുകൂലമാണെങ്കിൽപോലും, നീതി തേടുന്നയാൾക്ക് അതിന്റെ മൂല്യവും അർഥവും നഷ്ടപ്പെടുന്നുവെന്നു ചുരുക്കം.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വലിയ കാലതാമസം നീതിയുടെ പൂർണമായ നിഷേധം പോലെ ദോഷകരമായിരിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം ഗ്ലാഡ്സ്റ്റോണ് 1800കളിൽ പറഞ്ഞ കാര്യം ഇപ്പോഴും പ്രസക്തമാണ്.
വൈകിയെങ്കിലും സ്വാഗതാർഹം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മണിപ്പുർ സന്ദർശിക്കുകയാണ്. 2023 മേയ് മൂന്നിന് മണിപ്പുരിൽ കലാപം തുടങ്ങിയശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. വെറും മൂന്നു മണിക്കൂറാണ് മോദിയുടെ മണിപ്പുരിലെ സന്ദർശനം. മൂന്നൂറിലേറെ പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും 70,000ലേറെ പേർ ഭവനരഹിതരാവുകയും ചെയ്ത കലാപം തുടങ്ങി 27 മാസങ്ങൾക്കുശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ വൈകി. എങ്കിലും സമാധാനത്തിലേക്കുള്ള ഏതൊരു നീക്കവും സുപ്രധാനമാകും. രണ്ടേകാൽ വർഷത്തിലേറെയായി തുടരുന്ന അശാന്തിക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാക്കുകയാണു പ്രധാനം.
ഇന്ത്യയുടെ ഭരണത്തലവന്റെ മണിപ്പുർ സന്ദർശനം പലതുകൊണ്ടും സ്വാഗതാർഹമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മണിപ്പുരിലെ കുക്കി സംഘടനകളും മോദിയുടെ മണിപ്പുർ സന്ദർശനത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
കുന്നുകളിലും താഴ്വരയിലും
സംസ്ഥാന തലസ്ഥാനവും മെയ്തെയ്കളുടെ കേന്ദ്രവുമായ ഇംഫാലിലും കുക്കി ഗോത്ര വിഭാഗങ്ങളുടെ കേന്ദ്രമായ ചുരാചന്ദ്പുരിലും പ്രധാനമന്ത്രി സന്ദർശിക്കുന്നതു നല്ല കാര്യമാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ഇരുപക്ഷത്തെയും കലാപബാധിതരെ മോദി സന്ദർശിക്കും. ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിലും ഇംഫാലിലെ കാംഗ്ല കോട്ടയിലും പ്രധാനമന്ത്രി പ്രസംഗിക്കും.
മണിപ്പുരിലെ വിവിധജില്ലകളിലായുള്ള 280ലധികം ദുരിതാശ്വാസ ക്യാന്പുകളിലായി ഏകദേശം 57,000 ആളുകൾ ഇപ്പോഴും താമസിക്കുന്നുവെന്നാണു സർക്കാർ കണക്ക്. ദുരിതബാധിതരിൽ മഹാഭൂരിപക്ഷവും കുക്കി സോ വംശജരാണ്. ദുരിതാശ്വാസ ക്യാന്പുകളും കൂടുതൽ മെയ്തെയ് കുന്നുകളിലാണ്. ഭൂരിപക്ഷ മെയ്തെയ്കളിലും ഇരകളേറെയുണ്ട്. മെയ്തെയ്കൾക്കു സർക്കാരിന്റെയും പോലീസിന്റെയും പിന്തുണ ഉണ്ടായെന്നതു വലിയ രഹസ്യമല്ല.
മൂന്നു മണിക്കൂറിനു നീളമേറെ
അയൽസംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽനിന്ന് ഉച്ചയ്ക്ക് 12.30ന് കുക്കി സോ ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിലേക്കാണ് പ്രധാനമന്ത്രി ആദ്യമെത്തുക. ചുരാചന്ദ്പുരിൽനിന്നു ഹെലികോപ്റ്ററിൽ തലസ്ഥാനമായ ഇംഫാലിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ മെയ്തെയ്കളുടെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കും.
ഇംഫാലിൽ 1,200 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും 7,300 കോടി രൂപയുടെ പദ്ധതികൾക്കു തറക്കല്ലിടുകയും ചെയ്യുമെന്നാണ് മണിപ്പുർ ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ അറിയിച്ചത്. കുക്കി, മെയ്തെയ് വിഭാഗങ്ങൾക്കു പ്രത്യേക സാന്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമോയെന്നതാണ് മണിപ്പുരികൾ ഉറ്റുനോക്കുന്നത്.
രാഷ്ട്രപതി ഭരണം പാഴാകരുത്
കഴിഞ്ഞ ഫെബ്രുവരി 13 മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ കേന്ദ്രം നേരിട്ടാണു ഭരണം നടത്തുന്നത്. രാഷ്ട്രപതി ഭരണം നിലവിൽവന്ന ശേഷവും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ലെന്നതാണു ഖേദകരം. ബിരേൻ സിംഗിന്റെ റിമോട്ട് കണ്ട്രോളാണു പ്രശ്നമെന്നു കുക്കികൾ ആരോപിക്കുന്നു.
ഈ വർഷാവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാന്പുകളും അടച്ചുപൂട്ടുമെന്നും ഇതിനായി മൂന്നു ഘട്ടങ്ങളിലുള്ള പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നും കഴിഞ്ഞ ജൂലൈയിൽ അന്നത്തെ ചീഫ് സെക്രട്ടറി പി.കെ. സിംഗ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനമല്ലാതെ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഇനിയുമുണ്ടായിട്ടില്ലെന്ന് മെയ്തെയ്കളും കുക്കികളും ഒരുപോലെ പറയുന്നു. ഇടയ്ക്കെങ്കിലും അക്രമങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്.