/sathyam/media/media_files/2026/02/14/modi-2026-02-14-11-13-18.jpg)
മോറാന്‍ (അസം): വടക്കുകിഴക്കന്‍ ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണ്ണായക നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അസമിലെ മോറാനില്‍ ദേശീയ പാതയില്‍ സജ്ജീകരിച്ച വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യ 'എമര്‍ജന്‍സി ലാന്‍ഡിംഗ് ഫെസിലിറ്റി' പ്രധാനമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഈ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തുകൊണ്ടാണ് അദ്ദേഹം പദ്ധതി നാടിന് സമര്‍പ്പിച്ചത്.
അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന രീതിയിലാണ് ഈ ദേശീയ പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദിബ്രുഗഡ് ജില്ലയിലെ മോറാന്‍ ബൈപാസിലാണ് ഈ പ്രത്യേക റണ്‍വേ സ്ഥിതി ചെയ്യുന്നത്. 100 കോടി രൂപ ചെലവഴിച്ചാണ് 4.2 കിലോമീറ്റര്‍ നീളമുള്ള ഈ ലാന്‍ഡിംഗ് സൗകര്യം നിര്‍മ്മിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ആദ്യത്തെ അടിസ്ഥാന സൗകര്യമാണിത്. ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന മേഖലയായതിനാല്‍ പ്രതിരോധ മേഖലയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.
ചാബുവ എയര്‍ഫീല്‍ഡില്‍ എത്തിയ പ്രധാനമന്ത്രിയെ അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെ നിന്നാണ് അദ്ദേഹം വ്യോമസേനാ വിമാനത്തില്‍ മോറാനിലേക്ക് തിരിച്ചത്.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെട്ട 40 മിനിറ്റ് നീളുന്ന വ്യോമാഭ്യാസ പ്രകടനവും പ്രധാനമന്ത്രി വീക്ഷിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി, 5,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കും ഇന്ന് തുടക്കം കുറിക്കും. ഇഎല്‍എഫ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം ഗുവാഹത്തിയിലേക്ക് തിരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us