/sathyam/media/media_files/2026/02/14/untitled-2026-02-14-11-45-10.jpg)
ഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോണ്‍ഗ്രസ്.
സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് രംഗത്തെത്തിയത്. ഇതിനായി ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്കുള്ള വിമാന ടിക്കറ്റ് കോണ്‍ഗ്രസ് ബുക്ക് ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പവന്‍ ഖേര പ്രധാനമന്ത്രിയെ പരിഹസിച്ചത്.
'നിങ്ങള്‍ ഇന്ന് അസമിലുണ്ട്. അവിടെ നിന്ന് മണിപ്പൂരിലേക്ക് ഒരു മണിക്കൂര്‍ യാത്രയേയുള്ളൂ. ദയവായി അങ്ങോട്ട് കൂടി പോകണം. പ്രധാനമന്ത്രിയുടെ സാന്നിധ്യം മണിപ്പൂരിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും,' ഖേര കുറിച്ചു.
പ്രധാനമന്ത്രിയുടെ യാത്ര എളുപ്പമാക്കാന്‍ ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്ക് തങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ കൈവശം നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റ് ഇവിടെ പങ്കുവെക്കുന്നു. ഇത് ഉപയോഗിച്ച് 'PM CARES' (പ്രധാനമന്ത്രിക്ക് കരുതലുണ്ട്) എന്ന് തെളിയിക്കൂ,' എന്നും അദ്ദേഹം പരിഹസിച്ചു.
2023 മുതല്‍ മണിപ്പൂരില്‍ തുടരുന്ന വംശീയ സംഘര്‍ഷങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചാവിഷയമാണ്. മണിപ്പൂര്‍ കത്തുമ്പോഴും പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കാന്‍ തയ്യാറാകാത്തതിനെ പ്രതിപക്ഷം നേരത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ അയ്യായിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി, തൊട്ടടുത്തുള്ള മണിപ്പൂരിനെ അവഗണിക്കരുത് എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യം.
ഖേര പങ്കുവെച്ച വിമാന ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനോട് പ്രധാനമന്ത്രിയുടെ ഓഫീസോ ബിജെപിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us