/sathyam/media/media_files/2026/02/14/untitled-2026-02-14-15-21-09.jpg)
ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ, ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി.
അയല്‍രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മേഖലയിലെ പ്രമുഖ ഭരണത്തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നതായാണ് വിവരം.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ താരിഖ് റഹ്‌മാനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷണത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നത്.
ബംഗ്ലാദേശ് ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ താരിഖ് റഹ്‌മാന് സാധിക്കട്ടെ എന്ന് മോദി ആശംസിച്ചു.
ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധമുള്ള അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ ബംഗ്ലാദേശിന്റെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സത്യപ്രതിജ്ഞാ ചടങ്ങിനെ ഒരു വലിയ നയതന്ത്ര വേദിയാക്കി മാറ്റാനാണ് ബിഎന്‍പി ലക്ഷ്യമിടുന്നത്.
ഇന്ത്യയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി മോദി ഈ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശിലെത്തുകയാണെങ്കില്‍, ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കാനുള്ള വലിയൊരു ചുവടുവെപ്പായി അത് മാറും.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയെക്കുറിച്ചോ വിദേശ നേതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us