പ്രധാനമന്ത്രിക്ക് ബംഗാളിന്റെ സംസ്‌കാരം അറിയില്ല; ശ്രീരാമകൃഷ്ണ പരമഹംസരുടെ പേരിനെച്ചൊല്ലി മമതയുടെ കടന്നാക്രമണം

'ഞാന്‍ വീണ്ടും ഞെട്ടിയിരിക്കുന്നു! ബംഗാളിലെ മഹദ്വ്യക്തികളോട് പ്രധാനമന്ത്രി വീണ്ടും സാംസ്‌കാരികമായ അനാദരവ് കാട്ടിയിരിക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

കൊല്‍ക്കത്ത: ശ്രീരാമകൃഷ്ണ പരമഹംസരെ അഭിസംബോധന ചെയ്തതിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. പ്രധാനമന്ത്രിക്ക് സാംസ്‌കാരികമായ അവബോധമില്ലെന്ന് മമത തുറന്നടിച്ചു.

Advertisment

ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മദിനത്തോടനുബന്ധിച്ച് (ജന്മതിഥി) അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു കൊണ്ടുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേരിനൊപ്പം 'സ്വാമി' എന്ന വിശേഷണം ചേര്‍ത്തത്. ഇതിനെതിരെയാണ് മമത ബാനര്‍ജി രംഗത്തുവന്നത്.


'ഞാന്‍ വീണ്ടും ഞെട്ടിയിരിക്കുന്നു! ബംഗാളിലെ മഹദ്വ്യക്തികളോട് പ്രധാനമന്ത്രി വീണ്ടും സാംസ്‌കാരികമായ അനാദരവ് കാട്ടിയിരിക്കുകയാണ്.

ഇന്ന് യുഗാവതാരമായ ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ ജന്മതിഥിയാണ്. അദ്ദേഹത്തെ വാഴ്ത്താന്‍ ശ്രമിക്കുന്നതിനിടയില്‍, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും അനുചിതവുമായ 'സ്വാമി' എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിനൊപ്പം പ്രധാനമന്ത്രി ചേര്‍ത്തു,' മമത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു.


ശ്രീരാമകൃഷ്ണ പരമഹംസരെ 'സ്വാമി' എന്നല്ല മറിച്ച് 'പരമഹംസദേവന്‍' എന്നോ 'ശ്രീരാമകൃഷ്ണന്‍' എന്നോ ആണ് ആദരവോടെ വിളിക്കാറുള്ളത്. അദ്ദേഹത്തിന്റെ ശിഷ്യനായ വിവേകാനന്ദനെയാണ് 'സ്വാമി' എന്ന് അഭിസംബോധന ചെയ്യുന്നത്. ഈ വ്യത്യാസം അറിയാതെയാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നാണ് മമതയുടെ ആരോപണം.


ബംഗാളിലെ നവോത്ഥാന നായകരെയും ആത്മീയ ഗുരുക്കന്മാരെയും കുറിച്ചുള്ള ബിജെപി നേതാക്കളുടെ അറിവില്ലായ്മ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെയും രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാംസ്‌കാരിക അറിവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മമതയുടെ ഈ നീക്കം ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Advertisment