/sathyam/media/media_files/2026/02/24/untitled-2026-02-24-12-39-56.jpg)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാലസ്തീന്‍ ജനതയെ മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും കൈവിട്ടുവെന്നും അവരുടെ പോരാട്ടങ്ങളോട് വഞ്ചന കാട്ടിയെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
1988 നവംബര്‍ 18-ന് പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ ചരിത്രപരമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെന്നും പാലസ്തീന്‍ ജനതയെ വഞ്ചിച്ചുവെന്നും ജയറാം രമേശ് പറഞ്ഞു.
ഗാസയിലെ സാധാരണക്കാര്‍ക്ക് നേരെ ഇസ്രായേല്‍ ക്രൂരമായ ആക്രമണം തുടരുമ്പോഴാണ് പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലുകള്‍ ആഗോളതലത്തില്‍ തന്നെ അപലപിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെ കെട്ടിപ്പിടിക്കാനാണ് മോദി പോകുന്നത്. 'മോദാനി' ബന്ധവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
ഇസ്രായേലിലെ ആഭ്യന്തര സാഹചര്യം: ഇസ്രായേലില്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നെതന്യാഹുവിന്റെ നടപടിക്കെതിരെ അവിടുത്തെ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പ്രധാനമന്ത്രി മോദിയുടെ പാര്‍ലമെന്റ് പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് ഇസ്രായേലിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീഷണിപ്പെടുത്തിയ കാര്യവും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 25-ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇസ്രായേലിലെത്തുന്നത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യും.
പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും പ്രധാനമന്ത്രി നെതന്യാഹുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം സുപ്രീം കോടതി ചീഫിനെ ക്ഷണിച്ചില്ലെങ്കില്‍ പ്രസംഗം ബഹിഷ്‌കരിക്കുമെന്നാണ് ഇസ്രായേലിലെ പ്രതിപക്ഷത്തിന്റെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us