/sathyam/media/media_files/2026/02/25/modi-2026-02-25-08-52-41.jpg)
ഡല്‍ഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ഇസ്രായേലിലേക്ക് തിരിക്കും.
പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്. പ്രതിരോധം, സാമ്പത്തികം, സുരക്ഷാ മേഖലകളിലെ സഹകരണം എന്നിവയ്ക്കാണ് സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കുന്നത്.
സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം എന്നീ മേഖലകളിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും. കൂടാതെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-ഇസ്രായേല്‍ ബന്ധം 'സ്‌പെഷ്യല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' എന്ന നിലയിലേക്ക് ഉയര്‍ത്തും. അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രായേലിനുള്ളതിന് സമാനമായ ഉന്നതതല ബന്ധമാണിത്.
നൂതന പ്രതിരോധ സംവിധാനങ്ങളുടെ സംയുക്ത വികസനത്തിനായി പുതിയ കരാറുകള്‍ ഒപ്പിടും. ലേസര്‍ അധിഷ്ഠിത വ്യോമ പ്രതിരോധ സംവിധാനമായ 'ഓര്‍ ഐറ്റാന്‍' ല്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ ധാരണയായേക്കും.
വിമാനത്താവളത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും ചേര്‍ന്ന് മോദിയെ സ്വീകരിക്കും. ഇസ്രായേല്‍ പാര്‍ലമെന്റായ 'കെനെസെറ്റിനെ' മോദി അഭിസംബോധന ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ലോകനേതാക്കള്‍ക്ക് മാത്രം നല്‍കുന്ന ആദരവാണിത്.
'ഇസ്രായേലിന്റെ ഉറ്റ സുഹൃത്താണ് മോദി. ഇസ്രായേല്‍ ജനത മുഴുവന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ ബന്ധം വെറുമൊരു തന്ത്രപരമായ ഒന്നല്ല, മറിച്ച് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ്.'ഇസ്രായേല്‍ പ്രതിപക്ഷ നേതാവ്
യാര്‍ ലാപിഡ് പറഞ്ഞു,
ബുധനാഴ്ച വൈകുന്നേരം ഇസ്രായേലിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ ഹോളോകോസ്റ്റ് ഇരകള്‍ക്കായുള്ള സ്മാരകമായ 'യാദ് വഷേമില്‍' അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്വാണ്ടം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രങ്ങള്‍ ഒപ്പിടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us