'ഭീകരവാദം എവിടെയുണ്ടായാലും അത് ലോകസമാധാനത്തിന് ഭീഷണി. സിവിലിയന്മാരെ കൊലപ്പെടുത്തുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല': ഇസ്രായേല്‍ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

നിങ്ങള്‍ എനിക്ക് വെറുമൊരു സുഹൃത്തല്ല, ഒരു സഹോദരനെപ്പോലെയാണ്. ലോകവേദിയിലെ മഹാനായ നേതാവിനെ ജെറുസലേമിലേക്ക് സ്വാഗതം ചെയ്യുന്നു.'

New Update
Untitled

ജെറുസലേം: ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

'ഭീകരവാദം എവിടെയുണ്ടായാലും അത് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സമാധാനത്തിന് ഭീഷണിയാണ്' എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാസ സമാധാന ശ്രമങ്ങള്‍ മേഖലയില്‍ സുസ്ഥിരമായ ശാന്തി കൊണ്ടുവരുമെന്ന് പ്രത്യാശിച്ച മോദി, ഭീകരവാദത്തോട് ഇന്ത്യയ്ക്ക് എന്നും 'സീറോ ടോളറന്‍സ്' നയമാണെന്നും വ്യക്തമാക്കി.

2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.


'നിങ്ങളുടെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളുടെ ദുഃഖത്തില്‍ ഇന്ത്യ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും ഇന്ത്യ ഉറച്ച ബോധ്യത്തോടെ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.


സിവിലിയന്മാരെ കൊലപ്പെടുത്തുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ വേദന ഇന്ത്യ ഇന്നും ഓര്‍ക്കുന്നുണ്ടെന്നും ഇസ്രായേല്‍ പൗരന്മാരും അന്ന് കൊല്ലപ്പെട്ടതായും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു:

ഹോളോകോസ്റ്റ് കാലഘട്ടത്തില്‍ ജൂത കുട്ടികള്‍ക്ക് അഭയം നല്‍കിയ ഗുജറാത്തിലെ നവനഗര്‍ മഹാരാജാവിന്റെ (ജാം സാഹിബ്) കാരുണ്യപ്രവൃത്തിയെ അദ്ദേഹം സ്മരിച്ചു. ഇസ്രായേലിന്റെ 'കിബ്ബട്ട്‌സ്' പ്രസ്ഥാനം വിനോബ ഭാവെയെയും ജയപ്രകാശ് നാരായണനെയും പോലുള്ള ഇന്ത്യന്‍ നേതാക്കളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഇസ്രായേല്‍ പാര്‍ലമെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'സ്പീക്കര്‍ ഓഫ് ദി നെസെറ്റ് മെഡല്‍' പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മോദി നല്‍കിയ വ്യക്തിപരമായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്.


'നരേന്ദ്ര, നിങ്ങള്‍ എനിക്ക് വെറുമൊരു സുഹൃത്തല്ല, ഒരു സഹോദരനെപ്പോലെയാണ്. ലോകവേദിയിലെ മഹാനായ നേതാവിനെ ജെറുസലേമിലേക്ക് സ്വാഗതം ചെയ്യുന്നു.' - ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Advertisment