/sathyam/media/media_files/2026/03/04/untitled-2026-03-04-10-36-00.jpg)
ഡല്‍ഹി: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഇക്കഴിഞ്ഞ ഇന്ത്യന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദര്‍ശനം കരുത്തുറ്റതും പുതുക്കിയതുമായ ഒരു പങ്കാളിത്തത്തിന് അടിത്തറ പാകിയെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സന്ദര്‍ശനത്തിലെ പ്രധാന നിമിഷങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ക്ക് കാര്‍ണി പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് എക്‌സിലൂടെ മോദി പ്രതികരിച്ചത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ നിര്‍ണ്ണായകമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇന്ത്യയുടെ ആണവോര്‍ജ്ജ ആവശ്യങ്ങള്‍ക്കായി യൂറേനിയം വിതരണം ചെയ്യുന്നതിനും അതീവ പ്രാധാന്യമുള്ള ധാതുക്കളുടെ കൈമാറ്റത്തിനുമുള്ള കരാറുകള്‍ സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരുനേതാക്കളും തീരുമാനിച്ചു.
പ്രതിരോധ മേഖലയിലെ സഹകരണം, അത്യാധുനിക സാങ്കേതിക വിദ്യകള്‍, ചെറുകിട മോഡുലാര്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ധാരണയായി.
'വിശ്വാസം, നവീനത, വളര്‍ച്ച എന്നിവയിലൂന്നിയ പങ്കിട്ട ഐശ്വര്യം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി കാര്‍ണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു,' എന്ന് മോദി കുറിച്ചു. ഇന്ത്യ-കാനഡ ബന്ധം ഒരു പുനരുജ്ജീവനത്തിന് അപ്പുറം പുതിയ ലക്ഷ്യങ്ങളിലേക്കുള്ള വിപുലീകരണമാണെന്ന കാര്‍ണിയുടെ വാക്കുകള്‍ മോദി ശരിവെച്ചു.
പശ്ചിമേഷ്യന്‍ പ്രതിസന്ധി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, സാമ്പത്തിക-പ്രതിരോധ മേഖലകളില്‍ ഇന്ത്യയും കാനഡയും കൈകോര്‍ക്കുന്നത് ആഗോള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. സന്ദര്‍ശന വേളയില്‍ പ്രമുഖ ഇന്ത്യന്‍-കനേഡിയന്‍ വ്യവസായ പ്രമുഖരുമായും ശാസ്ത്രജ്ഞരുമായും കാര്‍ണി ആശയവിനിമയം നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us