/sathyam/media/media_files/2026/03/06/modi-2026-03-06-13-34-43.jpg)
ഡല്‍ഹി: കൃഷിയില്‍ നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'കൃഷിയും ഗ്രാമീണ പരിവര്‍ത്തനവും' എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അഗ്രിസ്റ്റാക്ക്' പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരും. ഇതിനകം 9 കോടി കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു.
രാജ്യത്തെ 10 കോടി കര്‍ഷകര്‍ക്കായി 4 ലക്ഷം കോടി രൂപ ഇതുവരെ വിതരണം ചെയ്തു. കര്‍ഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
രാസമുക്തമായ പ്രകൃതിദത്ത കൃഷി രീതികള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം. ആഗോളതലത്തില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള വലിയ ആവശ്യം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താനായി ലബോറട്ടറി സംവിധാനങ്ങളും സര്‍ട്ടിഫിക്കേഷനും സര്‍ക്കാര്‍ ഒരുക്കും.
ബജറ്റില്‍ തെങ്ങ് കൃഷിക്ക് നല്‍കിയിട്ടുള്ള പ്രത്യേക ഊന്നല്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാണ്. കന്നുകാലികളുടെ ആരോഗ്യസംരക്ഷണത്തിനായി 125 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us